ഷാജി ദാമോദരന്റെ മരണത്തില്‍ 
ദുരൂഹതയില്ലെന്ന്‌ നിഗമനം



കണ്ണൂർ മാധ്യമപ്രവർത്തകൻ ഷാജി ദാമോദരന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നി​ഗമനത്തിൽ കണ്ണൂർ ടൗൺ പൊലീസ്. വീഴ്ചയിൽ തലക്കേറ്റ മുറിവായിരിക്കാം മരണ കാരണമെന്നും ദേഹത്ത്  മുറിവുകളോ മർ‍ദനം ഏറ്റതിന്റെ  ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും  പൊലീസ് പറഞ്ഞു.  പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പഴയ ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ്  പരിശോധിച്ചു. കണ്ണൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തുനിന്നും നടന്നെത്തിയ ഷാജി പഴയ ബസ് സ്റ്റാൻഡിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്‌. ഇവിടെവച്ചാണ്‌   പരിക്കേറ്റതെന്ന് സംശയിക്കുന്നു. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന്‌ പൊലീസ് പറഞ്ഞു.    ഫോൺ ലോക്കേഷൻ പരിശോധിച്ചപ്പോൾ സംഭവ ദിവസം  വൈകിട്ട് മാഹി പന്തക്കലിൽ ഉണ്ടായിരുന്നതായി  കണ്ടെത്തി. മെയ് 18ന് പുലർച്ചെയാണ് ഷാജിയെ പഴയ ബസ്‌സ്റ്റാൻഡിൽ  അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂർ ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രി  തീവ്ര പരിചരണവിഭാ​ഗത്തിൽ  പ്രവേശിപ്പിച്ചു.  ബുധൻ വൈകിട്ടോടെ  മരിച്ചു. മെയ് 17ന് രാത്രി പാപ്പിനിശേരി ടെലിഫോൺ എക്സ്ചേഞ്ചിന്‌ സമീപം കാറിടിച്ച് പരിക്കേറ്റ ഷാജിയെ കാർ യാത്രക്കാർ കണ്ണൂർ നഗരത്തിലെത്തിച്ച് ഉപേക്ഷിച്ചതാണെന്ന് കാട്ടി  ഷാജിയുടെ സുഹൃത്ത് പി മമ്മൂട്ടി വളപട്ടണം പൊലീസിന്  പരാതി  നൽകിയിരുന്നു.  എന്നാൽ പാപ്പിനിശേരിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റത് ഷാജിക്കല്ലെന്ന്  പൊലീസ്  അന്വേഷണത്തിൽ വ്യക്തമായിരുന്നു. Read on deshabhimani.com

Related News