സാമ്പത്തിക മേഖലയിൽ കോവിഡ്‌ 
വൻ പ്രതിസന്ധിയായി: കെ എൻ ബാലഗോപാൽ

ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന നിക്ഷേപക സഹായകേന്ദ്രം ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ എൻ ബാലഗോപാല്‍ ഉൽപ്പന്നം പരിചയപ്പെടുന്നു


കണ്ണൂർ  സാമ്പത്തികമേഖലയിൽ വൻ പ്രതിസന്ധിയാണ്‌ കോവിഡ്‌ സൃഷ്ടിച്ചതെന്ന്‌ ധനമന്ത്രി  കെ എൻ ബാലഗോപാൽ. ആയിരങ്ങൾക്ക്‌ തൊഴിലും വരുമാനവുമാണ്‌  നഷ്ടമായത്‌. ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ്‌ സംസ്ഥാന സർക്കാർ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്‌. ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ്‌ ഹെൽപ്‌ ഡസ്‌ക്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  തൊഴിലും വരുമാനവും വർധിപ്പിക്കാനുള്ള പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. കേരളത്തിൽ വർഷം 15,000 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ  7000 കോടി രൂപയുടെ കയറ്റുമതിയാണുള്ളത്‌. അധികമായി  3000 കോടി രൂപയുടെ ഉൽപ്പാദനമുണ്ടായാൽ തൊഴിലും വരുമാനവും വർധിക്കും. ഇതിന്‌ തൊഴിൽ സേനയെയും സജ്ജമാക്കണം. ഇതര സംസ്ഥാനക്കാരായ 25 ലക്ഷംപേർ കേരളത്തിൽ തൊഴിലെടുക്കുന്നു.   ഈ മേഖലയിൽ കേരളീയരായ  അഞ്ചു ലക്ഷംപേരെയെങ്കിലും തൊഴിൽ ചെയ്യിക്കാനാകണം. കൃഷി അനുബന്ധ വ്യവസായ സംരംഭങ്ങൾക്ക്‌ നല്ല പ്രോത്സാഹനമാണ്‌ സർക്കാർ നൽകുന്നത്‌. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി സമ്പദ്‌ഘടന സംരക്ഷിക്കണം.   നിക്ഷേപ സംഗമങ്ങൾ അതിന്‌ സഹായമാകണം.  കോവിഡ്‌ പ്രതിസന്ധിയിൽ  എല്ലാ മേഖലയിലും മാതൃകയാകാൻ കേരളത്തിന് കഴിഞ്ഞുവെന്നും മന്ത്രി പഞ്ഞു.  അഞ്ചുലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്‌ പട്ടുവം പൂമ്പാറ്റ സ്വാശ്രയ സംഘത്തിന് മന്ത്രി കൈമാറി.  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി,  സെക്രട്ടറി വി ചന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി ഒ ഗംഗാധരൻ, മാനേജർ പി വി രവീന്ദ്രൻ,  തോമസ് വക്കത്താനം, എൻ പി ശ്രീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News