ഡിസിസി നേതൃത്വത്തിനെതിരെ 
കുറ്റപത്രവുമായി പി കെ രാഗേഷ്‌



കണ്ണൂർ ഡിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയും വെല്ലുവിളിച്ചും കണ്ണൂർ കോർപറേഷൻ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷ്‌. കോൺഗ്രസിൽനിന്ന്‌ പുറത്താക്കിയ നടപടിയെ വിമർശിച്ച വാർത്താസമ്മേളനത്തിലാണ്‌ രാഗേഷ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെയും വിമർശിച്ചു.    ജില്ലയിലാകെ കോൺഗ്രസിൽനിന്ന്‌ പുറത്താക്കപ്പെട്ടവരെയും നിർജീവമായവരെയും സംഘടിപ്പിച്ച്‌ ഡിസിസി നേതൃത്വത്തിനെതിരെ അണിനിരത്തുകയാണ്‌ ലക്ഷ്യമെന്നും രാഗേഷ്‌ വ്യക്തമാക്കി.    ഉപാധികളൊന്നുമില്ലാതെ കോൺഗ്രസിൽ തിരിച്ചെത്തിയത്‌ ചിലർക്ക്‌ സഹിക്കാനായില്ല. ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌, മേയർ  ടി ഒ മോഹനൻ, എം കെ മോഹനൻ, മുഹമ്മദ്‌ ഫൈസൽ, കെ പ്രമോദ്‌ എന്നിവരങ്ങിയ കോക്കസാണ്‌ കോൺഗ്രസിൽനിന്ന്‌ തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയത്‌. പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രശ്‌നം ഇതിനായി ഉയർത്തിക്കൊണ്ടുവന്നതാണ്‌. പള്ളിക്കുന്ന്‌ ബാങ്കിൽ കുടുംബാധിപത്യം ആരോപിക്കുന്ന കണ്ണൂർ അർബൻ ബാങ്ക്‌ പ്രസിഡന്റ്‌  കെ പ്രമോദ്‌, മാധവറാവു സ്ഥാപനത്തിലെ തൂപ്പുജോലിക്കാരെയും ഡ്രൈവറെയും വെളളം കോരുന്നവരെയും വരെ ബാങ്കിൽ നിയമിച്ചു.  എം കെ മോഹനൻ പള്ളിക്കുന്ന്‌ മൂകാംബിക ക്ഷേത്രം ജീവനക്കാരനാണ്‌. ഭാര്യ കണ്ണൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരി, ഭാര്യാസഹോദരൻ വളപട്ടണം സർവീസ്‌ ബാങ്കിൽ, മരുമക്കൾ എല്ലാവർക്കും കണ്ണൂർ എയർപോർട്ടിൽ  ജോലി. ഇവരൊക്കെ കുടുംബാധിപത്യത്തിനെതിരെ രംഗത്തുവരുന്നത്‌ പരിഹാസ്യമാണ്‌. പുന്നാട്‌ സർവീസ്‌ ബാങ്കിലെ അഴിമതി നിയമനത്തിനെതിരെ യൂത്ത്‌ കോൺഗ്രസ്‌ സമരം നടത്തുകയാണ്‌. ഈ നിയമനത്തിനെതിരെ ഡിസിസി എന്തു നടപടി സ്വീകരിച്ചെന്ന്‌ വ്യക്തമാക്കണം.    വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി പള്ളിക്കുന്ന്‌ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ഡിസിസിയുടെ 39 ഭാരവാഹികളെയും ബ്ലോക്ക്‌, മണ്ഡലം പ്രസിഡന്റ്‌ ഉൾപ്പെടെ 1500 ഓളം പേരെയും അണിനിരത്തിയിട്ടും ദയനീയ തോൽവിയായിരുന്നു. തെരഞ്ഞെടുപ്പ്‌ അലങ്കോലമാക്കാൻ മേയർ ടി ഒ മോഹനൻ 20 ഗുണ്ടകളെയാണ്‌ ടൗണിലെ ഹോട്ടലിൽ പാർപ്പിച്ചത്‌.  1520 വോട്ട്‌ പോൾ ചെയ്‌തതിൽ 300 വോട്ട്‌ മാത്രമാണ്‌ കോൺഗ്രസ്‌ പാനലിന്‌ ലഭിച്ചത്‌.  ആയിരത്തിലേറെ വോട്ടുനേടി വിജയിച്ച പള്ളിക്കുന്നിലെ യഥാർഥ കോൺഗ്രസുകാരെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ അവരെ പാർടിയിൽനിന്ന്‌ പുറത്താക്കിയ നടപടി. ഡിസിസി നേതൃത്വത്തിന്‌ ഉളുപ്പുണ്ടെങ്കിൽ പരാജയത്തിന്റെ  ഉത്തരവാദിത്വം ഏറ്റെടുത്ത്‌ രാജിവയ്‌ക്കണം.   കണ്ണൂർ കോർപറേഷൻ കോൺഗ്രസ്‌ പാർലമെന്റി പാർടി തെരഞ്ഞെടുപ്പിൽ 11 പേർ പിന്തുണച്ചിട്ടും തന്നെ മേയറാക്കിയില്ല. ടി ഒ മോഹനന്‌ ഒമ്പതുപേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളൂ. മേയർ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ നേതൃത്വം നൽകിയത്‌  മുഹമ്മദ്‌ ഫൈസലാണ്‌.  കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കാൻ ഇതുവരെ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും രാഗേഷ്‌ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം വി പ്രദീപ്‌കുമാർ, ചേറ്റൂർ രാജേഷ്‌ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News