ഗോ ഫസ്‌റ്റ്‌ സർവീസ്‌ നിലച്ചു



മട്ടന്നൂര്‍ ഉദ്ഘാടനംചെയ്ത് 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാർ യാത്രചെയ്‌ത്‌ ചരിത്രത്തിൽ ഇടംപിടിച്ച   കണ്ണൂർ വിമാനത്താവളം കേന്ദ്ര നയം കാരണം പ്രതിസന്ധിയിലേക്ക്‌ നീങ്ങുകയാണ്‌.  എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികളാണ്‌ കണ്ണൂരിൽനിന്ന്‌ ആഭ്യന്തര-–-രാജ്യാന്തര സർവീസ്‌ നടത്തിയത്‌. കോവിഡ്‌ ലോക്‌ഡൗണിൽ വിദേശക്കമ്പനികളുടെ വൈഡ്‌ബോഡി വിമാനങ്ങളും യാത്രക്കാരുമയി കണ്ണൂരിലിറങ്ങി.  സ്പൈസ് ജെറ്റ്, വിസ്താര എയർലൈനുകൾ എത്തിക്കുന്നതിന് കിയാലും സംസ്ഥാന സർക്കാരും നിരവധി  ചർച്ച നടത്തിയിരുന്നു. എന്നാല്‍ വിദേശ വിമാനങ്ങൾക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു.  ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ സർവീസ്‌ നിലച്ചതോടെ  കണ്ണൂർ പ്രതിസന്ധിയിലായി. ഗോഫസ്‌റ്റ്‌  സർവീസുകൾ ഉടൻ പുനരാരംഭിക്കുകയോ  കേന്ദ്രം  പകരം സംവിധാനമൊരുക്കുകയോ ചെയ്തില്ലെങ്കില്‍ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള  യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും.   സാമ്പത്തിക പ്രതിസന്ധിയാണ് ഗോ ഫസ്റ്റ് സർവീസ്‌ നിലയ്‌ക്കാൻ കാരണമായത്‌.   എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂര്‍ മാറി. ദോഹ സർവീസ് ഒഴിച്ചാൽ ഇൻഡിഗോയുടേതല്ലാം ആഭ്യന്തര സർവീസുകളാണ്.  അബുദാബി, കുവൈത്ത്, ദുബായ്, ദമാം, മസ്കറ്റ് എന്നിവിടങ്ങളിലേക്കും  മുംബൈയിലേക്കുള്ള  ആഭ്യന്തര സർവീസുകളും പ്രതിദിന അന്താരാഷ്ട്ര സര്‍വീസുകളും ഉള്‍പ്പെടെ ദിവസം എട്ട് സര്‍വീസുകളാണ് ഗോ ഫസ്റ്റ്  നടത്തിയിരുന്നത്. കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്ക്‌  സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുണ്ടായിരുന്നു. ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ മാസം 240 സര്‍വീസുകളുടെ കുറവാണുണ്ടാകുന്നത്‌.   ശരാശരി 13 ലക്ഷം രൂപയാണ് പ്രതിദിനം വിമാന കമ്പനി  കിയാലിന് നൽകിയിരുന്നത്‌. ഒരു മാസം സർവീസ് റദ്ദായാൽ നാല് കോടി രൂപയോളം നഷ്ടമാകും.    യാത്രക്കാരുടെ  വാഹനങ്ങളുടെ പാർക്കിങ് ഫീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഡേ ഹോട്ടൽ, മറ്റ് സ്റ്റാളുകൾ തുടങ്ങിയവയിലൂടെ ലഭിക്കേണ്ട  വരുമാനവും  കുറയും.  മാസം 36,000 യാത്രക്കാരുടെ കുറവാണുണ്ടാകുന്നത്‌.   വിദേശക്കമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ അനുമതി  കേന്ദ്രം നൽകിയാലേ പ്രതിസന്ധികളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിന്‌ കരകയറാനാവൂ. Read on deshabhimani.com

Related News