ട്രോളിങ് നിരോധനം 9 മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കും



കണ്ണൂർ ട്രോളിങ് നിരോധനം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ബയോമെട്രിക് ഐഡി കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കും.  ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ കെ വി ശ്രുതി, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ സി കെ ഷൈനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബോട്ടുടമ പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികൾ, കോസ്റ്റൽ പോലീസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നിരോധനം ഫലപ്രദമായി നടപ്പാക്കാൻ രണ്ട് ബോട്ടുകൾ വാടകക്കെടുക്കും. നാല് ലൈഫ് ഗാർഡുമാരെ കൂടി  നിയോഗിച്ച്  അംഗബലം എട്ടാക്കും.  ഹാർബറുകളിലെ ഡീസൽബങ്കുകൾ അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഇന്ധനത്തിനായി മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും.  ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പായി കേരളതീരം വിട്ട് പോകണം.   ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ വള്ളം മാത്രമാണ് അനുവദിക്കുക. ഇതര സംസ്ഥാന ബോട്ടുകൾ കേരള മേഖലയിൽ പ്രവേശിക്കുന്നത് തടയും.  തട്ടുമടി ഉൾപ്പെടെയുള്ള പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ച് ലൈറ്റ് ഫിഷിങ്ങും ജുവനൈൽ ഫിഷിങ്ങും നടത്തരുത്. മീൻ പിടിക്കാൻ പോകുന്നവർ കാലവസ്ഥാ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുക്കണം. രക്ഷാപ്രവർത്തനം ആവശ്യമായി വന്നാൽ മറൈൻ എൻഫോഴ്‌സ് മെന്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് എന്നിവ ചേർന്ന് ഏകോപിപ്പിക്കും.   ആവശ്യമെങ്കിൽ നേവി ഹെലികോപ്ടറിന്റെ സഹായം ലഭ്യമാക്കും.   Read on deshabhimani.com

Related News