കരുതലാണ്‌ ഈ കാലുകൾ

കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ സൗജന്യ കൃത്രിമ കാലുകളുടെ വിതരണം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തപ്പോൾ


കണ്ണൂർ ചേച്ചിമാരുടെ കരുതലിൽ ആയിഷത്ത്‌ താഹിറയ്‌ക്ക്‌ ഇനി നടക്കാം. കാസർകോട്ടെ ആയിഷത്തിന്‌ കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിലെ എൻഎസ്‌എസ്‌ വളണ്ടിയർമാരാണ്‌ കൃത്രിമക്കാൽ നൽകിയത്‌. വയറ്റിലുണ്ടായ കഠിനവേദന പരിശോധിച്ചപ്പോഴാണ്‌ അർബുദമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. കാലിലേക്കുള്ള രക്തക്കുഴലിനായിരുന്നു രോഗബാധ. ‌  മലബാർ ക്യാൻസർ സെന്ററിലെ ശസ്‌ത്രക്രിയയിലൂടെയാണ്‌ കാൽ മുറിച്ചുമാറ്റിയത്‌. നാലുമാസമായി ചക്രക്കസേരയിലാണ്‌. പ്ലസ്‌വൺ വിദ്യാർഥിയായ ആയിഷത്ത്‌ ക്ലാസിലേക്ക്‌ നടന്നുപോകാമെന്ന സന്തോഷത്തിലാണ്‌. 30 പേർക്കാണ്‌ ക്യാമ്പിൽ കൃത്രിമക്കാൽ നൽകുന്നത്‌. ഇതിൽ എട്ടുപേർ സ്‌ത്രീകളാണ്‌. ഏഴുപേർക്കുകൂടി നൽകുന്നതിനുള്ള അളവെടുത്തു. വിദ്യാർഥികൾ 20 രൂപയുടെ കൂപ്പണുകൾ വിതരണംചെയ്തും അധ്യാപകർ 2500 രൂപ വീതം നൽകിയുമാണ് തുക കണ്ടെത്തിയത്. 20-19 ൽ 50 പേർക്ക് കൃത്രിമക്കാൽ നൽകിയിരുന്നു. വിതരണവും കിഡ്‌നി ചികിത്സയ്‌ക്കുള്ള ധനസഹായ വിതരണവും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്‌ അധ്യക്ഷനായി. പ്രദീഷ്‌കുമാർ, ടി കെ ദേവരാജൻ,  ലിനേഷ്‌, എസ്‌ ബി പ്രസാദ്‌, കൃഷ്‌ണ നന്ദന എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News