ഇവിടെയുണ്ട് 
‘ഇമ്മിണി ബല്യ സുൽത്താൻ’

നരവൂർ സൗത്ത് എൽപി സ്കൂളിലെ കുട്ടികൾ ബഷീറിന്റെ കൂറ്റൻ ചിത്രത്തിനരികെ


കൂത്തുപറമ്പ്  കഥകളുടെ സുൽത്താൻ  ഇമ്മിണി ബല്യാളായി ഇവിടെയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനത്തിൽ വിദ്യാർഥികൾക്ക് ബഷീറിനെ കൂടുതൽ അറിയാൻ നരവൂർ സൗത്ത് എൽപി സ്കൂളിലെ  അധ്യാപകരൊരുക്കിയ കൗതുകമാണ്  ‘ഇവിടെയുണ്ട് ഇമ്മിണി ബല്യ ബഷീർ’  പേരിലൊരുക്കിയ ബഷീറിന്റെ  ജീവൻ തുടിക്കുന്ന കൂറ്റൻ ചിത്രം.500 ചതുരശ്ര അടിയിൽ കൂടുതൽ വലിപ്പമുള്ള ക്യാൻവാസിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മുഖം പകർത്തിയത്. സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന്‌ തറവരെ എത്തുന്ന വലിയ ബഷീർ മുഖമാണ് നിർമിച്ചത്‌. പ്രധാനാധ്യാപകൻ പി വി ദിജേഷിന്റെ നേതൃത്വത്തിൽ അധ്യാപകരാണ് ചിത്രം വരച്ചത്. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീജ ചിത്രം പ്രകാശിപ്പിച്ചു. പി അജിത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂൾ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈനട്ടു.  ബഷീർ കഥാപാത്ര ചിത്ര പ്രദർശനം, പുസ്തക പ്രദർശനം, ക്വിസ് മത്സരം, കഥാപാത്ര നിരൂപണ മത്സരം എന്നിവയും നടന്നു. പ്രവർത്തനങ്ങൾക്ക് കെ ദിപിൻ, സി റജിൻ, വി രഗില, എ കെ യജുഷ, പി ശ്രുതി, കെ വി രഗി, സി അഷ്‌ന എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News