ഇനി തിരകളെയും 
തോൽപ്പിക്കും പെൺകരുത്ത്‌



കണ്ണൂർ ദുരന്തമുഖങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന  കണ്ണീർ ചിത്രങ്ങളാണ്‌ സ്‌ത്രീകൾ പലപ്പോഴും. അടിയന്തര സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും സ്വന്തം ജീവനെങ്കിലും കൈയിലെടുത്ത്‌ കരകയറാനും കഴിയുന്നവരായി സ്‌ത്രീകളെ മാറ്റാൻ പുതിയ പദ്ധതി  ഒരുങ്ങുകയാണ്‌. ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന ബൃഹത്‌ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നീന്തൽ പരിശീലമാണ്‌ തുടങ്ങുന്നത്‌. കുളത്തിൽ തുടങ്ങുന്ന  നീന്തൽപഠനം കായലും കടലും കീഴടക്കുക  എന്ന ലക്ഷ്യം നേടുന്നതുവരെയാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്.    പഞ്ചായത്തുകളിൽ താമസക്കാരായ നൂറു വനിതകൾക്കാണ്‌  ആദ്യഘട്ടത്തിൽ  നീന്തൽ പരിശീലനം നൽകുന്നത്‌. പത്ത്‌ ലക്ഷംരൂപയാണ്‌ ജില്ലാ പഞ്ചായത്ത്‌ ഈ സ്‌ത്രീ ശാക്തീകരണ പദ്ധതിക്കായി അനുവദിച്ചത്‌. കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണ്‌ പദ്ധതിയിലേക്ക്‌ വനിതകളെ തെരഞ്ഞെടുക്കുന്നത്‌. നീന്തൽ പരിശീലനം നേടുകയെന്നതിനപ്പുറം  കായലിലും കടലിലും നീന്താനാവുന്ന വിദഗ്‌ധ നീന്തലുകാരായി സ്‌ത്രീകളെ ഉയർത്തുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. പരിശീലനം ഈ മാസം അവസാനം തുടങ്ങും.   പദ്ധതിയിലൂടെ ദുരന്തനിവാരണ മേഖലയിൽ സേവനം നടത്താൻ സ്‌ത്രീകളെയും സജ്ജരാക്കും. സ്‌ത്രീകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണമാണ്‌ ലക്ഷ്യമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ഒരു മാസംകൊണ്ട്‌ പരിശീലനം പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ  വനിതകളുടെ ഒരു സേനയ്‌ക്ക്‌ രൂപം നൽകുന്നതിന്റെ ആദ്യപടിയാണ്‌ പദ്ധതിയെന്നും പി പി ദിവ്യ പറഞ്ഞു. Read on deshabhimani.com

Related News