ചാൽബീച്ചിലെ ജീവകണങ്ങൾ

അഴീക്കോട് ചാൽബീച്ചിലെ ജൈവവൈവിധ്യം നിറഞ്ഞപ്രദേശത്ത് 
സാമൂഹ്യവിരുദ്ധര്‍ തീവച്ചപ്പോൾ കത്തിനശിച്ച മരവും പരിസരവും


അഴീക്കോട് ജീവന്റെ കണികപോലും അവശേഷിപ്പിക്കാത്ത ക്രൂരതയുടെ ബാക്കിപത്രമാണ്‌ ഇപ്പോൾ ചാൽബീച്ച്‌ തീരം. പച്ചജീവനുമേൽ ആളിപ്പടർന്ന തീയിൽ എരിഞ്ഞുതീർന്നത്‌ പ്രകൃതിയെ താങ്ങി നിർത്തേണ്ട ആവാസവ്യവസ്ഥ. മനുഷ്യനെപ്പോലെ ജീവിക്കാൻ അവകാശമുള്ള ജീവജാലങ്ങളെ ഇല്ലാതാക്കിയതും മനുഷ്യൻ തന്നെ. സമൂഹവിരുദ്ധർ തീയിട്ട്‌ നശിപ്പിച്ച്‌ രണ്ടുമാസം പിന്നിട്ടിട്ടും തീരത്തിന്റെ ജൈവ സമ്പത്ത്‌ തിരിച്ചെത്തിയിട്ടില്ല.  ലോകപരിസ്ഥിതിദിനത്തിൽ അഴീക്കോടിന്റെ ദുഃഖമായി മാറുകയാണ്   ചാൽബീച്ച് തീരം.  ഏപ്രിൽ 18, 19 ദിവസങ്ങളിൽ തുടർച്ചയായി സമൂഹവിരുദ്ധർ തീയിട്ടതാണ്‌  ചാൽബീച്ച്‌ തീരത്തെ ചെറിയകാടിനെ ചുടലപ്പറമ്പാക്കി മാറ്റിയത്‌. അഞ്ചേക്കറോളം  പ്രദേശത്ത് തീപടർന്നപ്പോൾ ആമ, മയിൽ, വെരുക്‌, ഞണ്ട്, അണ്ണാൻ, എലി, മുള്ളൻപന്നി, പാമ്പ്, ഓന്ത് ചെറുപക്ഷികൾ തുടങ്ങി  അനേകം ജീവികളാണ് ചത്തത്. നിരവധി മരങ്ങളും കത്തിനശിച്ചു. നിലവിൽ കത്തിയമർന്ന മരങ്ങളും ജീവജാലങ്ങളുടെ അവശിഷ്ടങ്ങളുമാണ്‌ പ്രദേശത്തുള്ളത്.  കടൽതീരത്തിന്റെ പ്രകൃതിദത്ത അന്തരീക്ഷത്തിന്‌ അനുസൃതമായ  സൗന്ദര്യവൽക്കരണം മാത്രം നടന്നതിനാൽ വൈവിധ്യമാർന്ന  പക്ഷികളുടെയും  ചെറുജീവികളുടെയും ആവാസകേന്ദ്രമായിരുന്നു ഇവിടം. തീപിടുത്തശേഷം  പ്രദേശത്ത്  ജീവികളുടെ സാന്നിധ്യം ക്രമാതീതമായി കുറഞ്ഞു. മുമ്പ്‌ കണ്ടിരുന്ന നിരവധി ജീവജാലങ്ങൾ അപ്രത്യക്ഷമായെന്നും ആവാസ വ്യവസ്ഥയ്ക്ക് കോട്ടംതട്ടിയതോടെ ചെറുജീവജാലങ്ങൾ ഭയന്ന് തീരത്തേക്കിറങ്ങുകയാണെന്നും പ്രദേശവാസികൾ പറ‍ഞ്ഞു.      രാത്രികാലങ്ങളിൽ ലഹരിമാഫിയ സംഘം  പ്രദേശത്ത് തമ്പടിക്കുന്നത് പതിവാണ്. കത്തിയമർന്ന പ്രദേശം മദ്യകുപ്പികളാൽ നിറഞ്ഞിരിക്കുകയാണ്‌.   വിനോദസഞ്ചാരികളെ തീരത്തിന്റെ സൗന്ദര്യത്തേക്കാൾ ആകർഷിച്ചിരുന്നത് ചാലിലെ ജൈവവൈവിധ്യമായിരുന്നു.  ആ മനോഹരകാഴ്ച നഷ്ടപ്പെട്ടതിൽ സഞ്ചാരികളും പ്രയാസത്തിലാണ്. ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ബീച്ചിൽ മരം നട്ട്പിടിപ്പിക്കുമെന്നും പ്രദേശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ബോധവൽക്കരണം നടത്തുമെന്നും അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ അജീഷ് പറഞ്ഞു. Read on deshabhimani.com

Related News