തലശേരി ഇരട്ടക്കൊലപാതകം കത്തി വാങ്ങിയ പ്രതിയെ കടക്കാരൻ തിരിച്ചറിഞ്ഞു



തലശേരി തലശേരി ഇരട്ടക്കൊലക്കേസിലെ പ്രതി കൊലക്ക്‌ ഉപയോഗിച്ച കത്തി വാങ്ങിയ കട തിരിച്ചറിഞ്ഞു. പ്രതിയെ കടയിലെത്തിച്ച്‌ ക്രൈംബ്രാഞ്ച്‌ എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിൽ തെളിവെടുത്തു. കടക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും  കൂടുതൽ തെളിവും ലഭിച്ചിട്ടുണ്ട്‌. വെള്ളിയാഴ്‌ചയാണ്‌ അഞ്ച്‌ പ്രതികളെ മൂന്ന്‌ ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽ വിട്ടത്‌.    മുഖ്യപ്രതി നെട്ടൂർ വെള്ളാടത്ത് ഹൗസിൽ സുരേഷ്‌ ബാബു എന്ന പാറായി ബാബു (47), നെട്ടൂർ ചിറക്കക്കാവിനുസമീപം മുട്ടങ്ങൽ വീട്ടിൽ ജാക്സൺ വിൽസെന്റ് (28), നെട്ടൂർ വണ്ണത്താൻ വീട്ടിൽ  കെ നവീൻ (32), വടക്കുമ്പാട് പാറക്കെട്ട്‌ ‘സഹറാസി’ൽ മുഹമ്മദ് ഫർഹാൻ (29), പിണറായി പടന്നക്കരയിലെ വാഴയിൽ വീട്ടിൽ സുജിത്‌കുമാർ (45) എന്നിവരെയാണ്‌ ക്രൈംബ്രാഞ്ച്‌ കസ്‌റ്റഡിയിൽ വാങ്ങിയത്‌. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ശനിയാഴ്‌ച തിരികെ കോടതിയിൽ ഹാജരാക്കി. രണ്ടുപേരെ നേരത്തെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്‌തിരുന്നു.   നവംബർ 23ന് വൈകിട്ട്‌ നാലിന്‌ തലശേരി സഹകരണ ആശുപത്രിക്ക്‌ മുന്നിലാണ്‌ നെട്ടൂർ ഇല്ലിക്കുന്നിലെ കെ ഖാലിദ്, പൂവനാഴി ഷമീർ  എന്നിവരെ മയക്കുമരുന്ന്‌ മാഫിയാ സംഘം ഗൂഢാലോചന നടത്തി കുത്തിക്കൊന്നത്.   Read on deshabhimani.com

Related News