കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യം



പരിയാരം സംസ്ഥാനത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളുടെ നിലവാരത്തിലേക്ക്‌ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ കുതിക്കുന്നു. ഇതര സർക്കാർ മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ഉൾപ്പെടെയുള്ളവരെയും പിഎസ്‌സിവഴിയും 18 ഡോക്ടർമാരെകൂടി വിവിധ വകുപ്പുകളിലായി പുതുതായി നിയമിച്ചു. ജനറൽ സർജറി, ന്യൂറോ സർജറി, കാർഡിയോ വാസ്‌കുലാർ ആൻഡ്‌ തൊറാസിക് സർജറി, കാർഡിയോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് ന്യൂറോളജി, നെഫ്രോളജി, റേഡിയോതെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, പാത്തോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ വിഭാഗങ്ങളിലാണ് ഡോക്ടർമാരെ പുതുതായി അനുവദിച്ചത്.  ന്യൂറോ സർജറി, ജനറൽ സർജറി, റേഡിയോ തെറാപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ ഒന്നിലേറെ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലും ഡോക്ടറെ അനുവദിച്ചു.  മറ്റു സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജിലേതുപോലെ നഴ്‌സുമാരുടെ പ്രവർത്തനം മാറ്റുന്നതിന്റെ ഭാഗമായി രണ്ട് നഴ്‌സിങ്‌ സൂപ്രണ്ടുമാരെയും നിയമിച്ചു. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ സ്ഥാപനത്തിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും സർക്കാർ സർവീസിലേക്ക് മാറ്റുന്നതിന് പുറമേയാണ്‌ പുതിയ നിയമനങ്ങളും ക്രമീകരണങ്ങളും.  പ്ലാസ്റ്റിക് സർജറി യൂണിറ്റ് ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ചപ്പോൾ അറിയിച്ചിട്ടുമുണ്ട്‌. പ്ലാസ്റ്റിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള പ്രിൻസിപ്പൽ ഡോ. കെ അജയകുമാറിന്റെ  സേവനം ഈ വിഭാഗത്തിൽ ഉപയോഗപ്പെടുത്താനും കഴിയും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തു. പെയിന്റിങ്‌ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തുന്നതിന്‌  36 കോടിയുടെ ടെൻഡർ പ്രവൃത്തി ആരംഭിച്ചതായി പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് അറിയിച്ചു.  136 കോടി ചെലവുവരുന്ന അത്യാധുനിക ട്രോമാകെയർ ബ്ലോക്ക് ഉൾപ്പെടെയുള്ള  പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന്‌ കിഫ്ബി പ്രതിനിധികളും അറിയിച്ചു. ഇതോടെ വടക്കൻ കേരളത്തിലെ ആയിരക്കണക്കിന്‌ രോഗികൾക്ക്‌ ഏറ്റവും അടുത്ത്‌ സൗജന്യമായും കുറഞ്ഞ ചെലവിലും അത്യാധുനിക ചികിത്സ ഉറപ്പ്‌ വരുത്തുകയാണ്‌. സർക്കാർ മേഖലയിൽ ആയിരക്കണക്കിന്‌ രോഗികൾക്ക്‌ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നത്‌ കൊണ്ടുതന്നെ ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ ആശുപത്രിക്കെതിരെ ആസൂത്രിത നുണപ്രചാരണം നടത്തുന്നുണ്ട്‌. മംഗളൂരു, കണ്ണൂർ, കോഴിക്കോട്‌ നഗരങ്ങളിലെ വൻകിട സ്വകാര്യ ആശുപത്രി ലോബിയാണ്‌ ഇതിനുപിന്നിൽ. Read on deshabhimani.com

Related News