വിട നൽകി, കണ്ണീരോടെ

കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര താഴെചൊവ്വയിൽ എത്തിയപ്പോൾ


കണ്ണൂർ  തൂവെള്ള വേഷത്തിൽ നിറചിരിയുമായി കൈവീശി പടികയറുന്ന കോടിയേരിയെ എത്രയോ  കണ്ടതാണ്‌  അഴീക്കോടൻ മന്ദിരം. ജില്ലാ കമ്മിറ്റി ഓഫീസിനകത്തും പുറത്തുമുള്ളവരോട്‌ കുശലംപറഞ്ഞ്‌ ജില്ലാ സെക്രട്ടറിയുടെ മുറിയിലേക്ക്‌ പോകുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമകൾ അലയടിക്കുന്നതാണ്‌ ഈ കർമമണ്ഡലം. വെള്ളിയാഴ്‌ച പകൽ  11.45നാണ്‌ സഖാവിന്റെ ചേതനയറ്റ ശരീരമെത്തിയത്‌. ഏവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്‌ത നേതാവ്‌ ഇനിയില്ലെന്ന യാഥാർഥ്യത്തിന്‌ മുന്നിൽ ആയിരങ്ങൾ  വിങ്ങിപ്പൊട്ടി.   അഴീക്കോടൻ മന്ദിര മുറ്റത്ത്‌ പുഷ്‌പാലംകൃതമായ പെട്ടിക്കകത്ത്‌ മരണത്തിനും കീഴടക്കാനാകാത്ത സൗമ്യമുഖവുമായി കിടക്കുന്ന സഖാവിനു മുന്നിൽ തോരാകണ്ണീരുമായി ആയിരങ്ങൾ. പ്രക്ഷുബ്ധമായ നാളുകളിൽ കണ്ണൂരിലെ പാർടിയെ നിശ്‌ചയദാർഢ്യത്തോടെ നയിച്ച ജില്ലാ സെക്രട്ടറിയെ ആർക്കും മറക്കാനാവില്ല.   രാഷ്‌ട്രീയ സംഘർഷം കൊടുമ്പിരിക്കൊണ്ട 1990–-95 കാലഘട്ടത്തിൽ  രാഷ്‌ട്രീയ എതിരാളികൾ സംഘടിതമായി സിപിഐ എമ്മിനെ വേട്ടയാടിയപ്പോൾ പാർടിയെ ഒരു പോറലുമില്ലാതെ സംരക്ഷിക്കാൻ ജില്ലാ സെക്രട്ടറിയായ കോടിയേരി കാണിച്ച ധീരത സമാനതകളില്ലാത്തതാണ്‌.  കോൺഗ്രസിന്റെയും ആർഎസ്‌എസ്സിന്റെയും കടന്നാക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി ഫലപ്രദമായി പ്രതിരോധിക്കാൻ അദ്ദേഹത്തിനായി.  തികച്ചും വൈകാരികമായ അടുപ്പമായിരുന്നു കോടിയേരിക്ക്‌ കണ്ണൂർ അഴീക്കോടൻ മന്ദിരവുമായി. വിദ്യാർഥി–- യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാലത്തുതന്നെ ഈ ഓഫീസിനെ വീടായാണ്‌ കോടിയേരി കണ്ടത്‌. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോഴും കണ്ണൂരിലെത്തിയാൽ അഴീക്കോടൻ മന്ദിരത്തിൽ എത്താതിരിക്കാനാവില്ല. എക്കാലവും ഈ  ഓഫീസിനോടൊരു സ്‌നേഹവായ്‌പുമുണ്ടായിരുന്നു.  ചടയൻ ഗോവിന്ദന്റെയും ഇ കെ നായനാരുടെയും മൃതദേഹങ്ങൾ  അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന്‌ വച്ച ശേഷമാണ്‌ പയ്യാമ്പലത്ത്‌ സംസ്‌കരിച്ചത്‌. കോടിയേരിയുടെ കര്യത്തിലും ആ പതിവ്‌ തെറ്റിച്ചില്ല. പകൽ 2.10ന്‌  കോടിയേരിക്ക്‌ ഏറ്റവും പ്രിയപ്പെട്ട അഴീക്കോടൻ മന്ദിരം വിട നൽകി.  പിന്നീട്‌ പയ്യാമ്പലത്തേക്ക്‌ അന്ത്യയാത്ര. Read on deshabhimani.com

Related News