സാജിദ അന്ന്‌ പറഞ്ഞു–- ഇനിയില്ല കോൺഗ്രസിൽ

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അലവിൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ പി സാജിദ പ്രചാരണത്തിനിടെ


കണ്ണൂർ ആ ദുർദിനം സാജിദയ്‌ക്ക്‌ ഒരിക്കലും മറക്കാനാവില്ല. ഒരു സ്ത്രീയെന്ന നിലയിൽ, പൊതുപ്രവർത്തകയെന്ന നിലയിൽ മനസ്സ്‌ വെന്തുരുകിപ്പോയ ദിവസം. ‘‘നിന്നനിൽപ്പിൽ താൻ ഇല്ലാതായിപ്പോയെന്നാണ്‌ തോന്നിയത്‌’’–- അഞ്ചുവർഷം മുമ്പ്‌ പഴയ സഹപ്രവർത്തകരിൽനിന്ന്‌ അനുഭവിക്കേണ്ടിവന്ന  വേദനകളത്രയും ഈ വാക്കുകളിലുണ്ട്‌.      കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അലവിൽ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ പി സാജിദ. അഞ്ചുവർഷം മുമ്പുവരെ അലവിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ജനകീയ മുഖമായിരുന്നു ഇവർ. കുടുംബശ്രീ പ്രവർത്തക. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമെന്നതിനാൽ നാട്ടുകാർക്ക്‌ പ്രിയങ്കരി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പാണ്‌ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചത്‌.  താൻ വിശ്വസിച്ച കോൺഗ്രസിന്റെ യഥാർഥ മുഖം തിരിച്ചറിയുകയായിരുന്നു സാജിദ.     ചിറക്കൽ പഞ്ചായത്തിലെ 22–-ാം വാർഡിൽ അന്ന്‌ യുഡിഎഫ് സ്ഥാനാർഥിയായി സാജിദയുടെ പേരാണ്‌ ആദ്യം ഉയർന്നുവന്നത്‌. അലവിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ശക്തമായി എതിർത്തു. മറ്റൊരാളെയാണ്‌ അവർ നിർദേശിച്ചത്‌. അലവിൽ കോൺഗ്രസ് ഓഫീസിൽ നടന്ന ബൂത്ത് കമ്മിറ്റി യോഗം  ബഹളത്തിലും ചേരിതിരിഞ്ഞുള്ള പൊരിഞ്ഞ തല്ലിലും കലാശിച്ചു. തകർന്നുപോയ സാജിദ മത്സരിക്കാനില്ലെന്നുപറഞ്ഞ്‌ ഇറങ്ങിപ്പോകുമ്പോൾ എതിർവിഭാഗം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. അതിനിടെ ചിലർ ഓഫീസ്‌ പുറത്തുനിന്ന്‌ അടച്ചു. ഏറെനേരം ബന്ദിയായി ഓഫീസിനകത്ത്‌ കഴിയേണ്ടിവന്നു.       കോൺഗ്രസിൽ നിൽക്കാൻ ആത്മാഭിമാനമുള്ളവർക്ക്‌ ആവില്ലെന്ന്‌ മനസ്സിലാക്കിയ സാജിദ ക്രമേണ സിപിഐ എമ്മുമായി അടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായി. നിലവിൽ ചിറക്കൽ പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ,  മഹിളാ അസോസിയേഷൻ ചിറക്കൽ വില്ലേജ് കമ്മിറ്റി അംഗം, അലവിൽ ശ്രീനാരായണവിലാസം വായനശാല വനിതാവേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്‌.      അലവിൽ ബ്ലോക്ക്‌ ഡിവിഷനിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ്‌ സാജിദ. ഹൃദ്യമായ പ്രതികരണമാണ്‌ ആളുകളിൽനിന്ന്‌ ലഭിക്കുന്നതെന്ന്‌ അവർ പറഞ്ഞു. കുടുംബശ്രീ പ്രവർത്തകയെന്ന നിലയിൽ സ്ത്രീകൾക്കിടയിലുള്ള വിപുലമായ ബന്ധങ്ങളും വലിയ മുതൽക്കൂട്ടാണ്‌.  ചാലാട് പഞ്ഞിക്കയിലാണ്‌ താമസം. ഭർത്താവ്‌ പി വി ജബ്ബാർ ഹോട്ടൽ നടത്തുന്നു. ജംഷീർ, ജസീർ എന്നിവർ മക്കൾ.      Read on deshabhimani.com

Related News