സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണത്തിന്‌ 116 ടീം



കണ്ണൂർ കോവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായ വോട്ടർമാർക്ക് സ്‌പെഷ്യൽ തപാൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി ജില്ലയിൽ 116 ടീമിനെ നിയോഗിച്ചു. സ്‌പെഷ്യൽ പോളിങ്‌ ഓഫീസർ, സ്‌പെഷ്യൽ പോളിങ്‌ അസിസ്റ്റന്റ്‌, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങുന്നതാണ്‌ ടീം.  ഇങ്ങനെ 232 പോളിങ്‌ ഉദ്യോഗസ്ഥരെ നിയോഗിച്ച് കലക്ടർ ഉത്തരവായി.      ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അടിസ്ഥാനത്തിലാണ് ടീമിനെ നിയോഗിച്ചത്. ബന്ധപ്പെട്ട റിട്ടേണിങ്‌ ഓഫീസർമാരുടെ നിർദേശാനുസരണം ആവശ്യമായ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലുമായി സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യും. അഞ്ചിന് രാവിലെ 9.30ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമുമ്പാകെ ടീം റിപ്പോർട്ടുചെയ്യണം. ഓരോ ടീമിനും വാഹനംനൽകും.      തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വീടുകളിലോ ആശുപത്രികളിലോ സിഎഫ്എൽടിസികളിലോ നേരിട്ടെത്തി പോസ്റ്റൽ ബാലറ്റ് കൈമാറും. 14ന് പോളിങ്‌ നടക്കുന്ന  ജില്ലയിൽ അഞ്ചിനാണ് ആദ്യപട്ടിക തയ്യാറാക്കുക. 13ന് വൈകിട്ട് മൂന്നുവരെ കോവിഡ്‌ പോസിറ്റീവ് ആകുകയോ ക്വാറന്റൈനിലാവുകയോ ചെയ്യുന്നവരുടെ പട്ടിക തയ്യാറാക്കിയാണ് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നത്. അതിനുശേഷമുള്ളവർക്ക് പോളിങ്ങിന്റെ അവസാന മണിക്കൂറിൽ പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ടുചെയ്യാം. Read on deshabhimani.com

Related News