എസ്ഡിപിഐക്കാരന്റെ വധം: കുറ്റപത്രം ഉടൻ നൽകും



കൂത്തുപറമ്പ്  കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നത് അന്തിമഘട്ടത്തിൽ. കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷകസംഘം പറഞ്ഞു. 2020 സെപ്തംബർ എട്ടിന്  വൈകിട്ടാണ്‌ എസ്ഡിപിഐ പ്രവർത്തകനായ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പ് ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിൽവച്ച് കാറിന് പിന്നിൽ ബൈക്കിടിപ്പിച്ച് അപകടമുണ്ടാക്കി  അക്രമികൾ വെട്ടിക്കൊലപ്പെടുത്തു കയായിരുന്നു.      എബിവിപിക്കാരനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിലെ രാഷ്ട്രീയ വിരോധമാണ് സലാഹുദ്ദീന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കുറ്റപത്രം വെള്ളിയാഴ്ച കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.  നാല് വാള്യങ്ങളിലായി 400  പേജുകളുള്ള കുറ്റപത്രമാണ് തയ്യാറാവുന്നത്. തലശേരി ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, കണ്ണവം, കൂത്തുപറമ്പ് സിഐ  തുടങ്ങിയവരടങ്ങുന്നതാണ്‌ അന്വേഷകസംഘം.       ഗൂഢാലോചനയിൽ പങ്കെടുത്ത  ചൂണ്ടയിൽ സ്വദേശികളായ അഞ്‌ജു നിവാസിൽ അമൽ രാജ്, ധന്യ നിവാസിൽ പ്രിബിൻ, അഷ്ന  നിവാസിൽ ആഷിഖ് ലാൽ തുടങ്ങിയവർ    കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റിലായിരുന്നു.  ഇവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ, കോളയാട് പാടിപ്പറമ്പിലെ സഖിൽ നിവാസിൽ കെ രാഹുൽ, ചെണ്ടയാട് കുനുമ്മലിലെ പുള്ളിയുള്ള പറമ്പത്ത് മിഥുൻ, മൊകേരി വള്ളങ്ങാടെ കരിപ്പാളിൽ ഹൗസിൽ യാഥവ്, ചൂണ്ടയിലെ അമൽ രാജ് , റിഷിൽ തുടങ്ങിയ   ഒമ്പത് ആർഎസ്എസ്സുകാർ റിമാൻഡിലാണ്‌.       കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾകൂടി അറസ്റ്റിലാവാനുണ്ട്. ഇയാളാണ് സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമിസംഘം ഉപയോഗിച്ച നാല് വാളുകൾ, ഒരു കാർ, മൂന്ന്  ബൈക്കുകൾ എന്നിവ നേരത്തെ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News