സ്‌നേഹം നിറച്ച നേതാവ്‌



 തലശേരി ‘‘പകരംവയ്‌ക്കാനില്ലാത്ത രാഷ്ട്രീയ നേതാവാണ്‌ കോടിയേരി. ആർക്കും ഏത്‌ പ്രശ്‌നവുമായും സമീപിക്കാം. കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കും. അതോടെ പരാതിക്കാരന്റെ പകുതി പ്രശ്‌നം തീരും’’–-  കോടിയേരി ബാലകൃഷ്‌ണൻ  സിപിഐ എം തലശേരി ടൗൺ ലോക്കൽ സെക്രട്ടറിയായിരുന്നപ്പോൾ ഒപ്പം പ്രവർത്തിച്ച  എം ശ്യാം സുന്ദറിന്റെ ഓർമകളിൽ നിറയെ സഖാവിന്റെ അസാമാന്യ ധീരതയാണ്‌.   അടിയന്തരാവസ്ഥക്ക്‌ തൊട്ടുമുമ്പാണ്‌ കോടിയേരി  ടൗൺ ലോക്കൽ സെക്രട്ടറിയായത്‌.  കമ്മിറ്റിയിൽ കാർക്കശ്യക്കാരനായിരുന്നില്ല. ഏതുപ്രശ്‌നത്തിനും കൃത്യമായ മറുപടിയുണ്ടാവും. ഒ വി റോഡിൽ ‘റെഡ്‌ യങ്‌സ്‌’ സംഗീതട്രൂപ്പിനും കോടിയേരിയുടെ  പിന്തുണ ലഭിച്ചു.  ചുമട്ട്‌, കായ,  ഓട്ടോത്തൊഴിലാളികളായിരുന്നു അന്ന്‌ പാർടിയുടെ കരുത്ത്‌. കോൺഗ്രസും ആർഎസ്‌എസും തരംകിട്ടിയാൽ തലയെടുക്കാൻ നടക്കുന്ന കാലം.  പലവിധ ഭീഷണിയും അഭിമുഖീകരിച്ചു. ആർഎസ്‌എസ്‌ കടന്നാക്രമണത്തിൽനിന്ന്‌ പാർടിയെ പൊറലേൽക്കാതെ കാത്തതിന്റെ മുൻനിരയിൽ കോടിയേരിയുണ്ടായിരുന്നു. നക്‌സൽ –-തീവ്രവാദ ആശയത്തിലേക്ക്‌ പോകാതെ ചെറുപ്പക്കാരെ  പിടിച്ചുനിർത്തി. പാട്യം ഗോപാലൻ പങ്കെടുത്ത പൊലീസ്‌ സ്‌റ്റേഷൻ മാർച്ചിലും നിരോധനം ലംഘിച്ചുള്ള പ്രകടനത്തിനിടെ സഖാവിനും മർദനമേറ്റു. ടി സി മുക്കിലെ ഓഫീസിൽ പലവിധ പ്രശ്‌നങ്ങളുമായി ആളുകളെത്തുമായിരുന്നു. അവരെയെല്ലാം സമാധാനിപ്പിച്ചയക്കുന്ന കോടിയേരിയെ ഓർക്കുന്നു. അന്നത്തെ ആ അടുപ്പവും സ്‌നേഹബന്ധവുമാണ്‌ രാഷ്ട്രീയമായി തലശേരിയെ വളർത്തിയത്‌. തലശേരി ടൗൺ ലോക്കൽസെക്രട്ടറിയായും ശ്യാം സുന്ദർ പ്രവർത്തിച്ചു.   Read on deshabhimani.com

Related News