ക്വട്ടേഷൻസംഘത്തിനായി തെരച്ചിൽ ഊർജിതം



കാസർകോട്‌ വിദേശ കറൻസി കടത്തിൽ യുവാവിനെ ദുബായിയിൽനിന്ന്‌ വളിച്ചുവരുത്തി മർദിച്ചുകൊന്ന കേസിൽ പിടിയിലാകാനുള്ള ക്വട്ടേഷൻസംഘത്തിനായി പൊലീസ്‌ ഇതര സംസ്ഥാനങ്ങളിൽ തെരച്ചിൽ ശക്തമാക്കി. ഇവർ പ്രൊഫഷണൽ കുറ്റവാളികളായതിനാൽ രക്ഷപ്പെടാനും ഒളിക്കാനും ഇതരസംസ്ഥാനങ്ങളിലുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്‌. കർണാടക, ഗോവ, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ പൊലീസിന്റെ സഹായത്തോടെയാണ്‌ അന്വേഷണം.     കഴിഞ്ഞദിവസം അറസ്‌റ്റിലായ മഞ്ചേശ്വരത്തെ അബ്ദുൾ അസീസ്‌, റിയാസ്‌ ഹസൻ, കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദീഖ്‌, ഉപ്പളയിലെ അബ്ദുൾറസാഖ്‌ എന്നിവരാണ്‌ പൈവളിഗെയിലെ നൂറിഷ്‌ സംഘത്തിന്‌ ക്വട്ടേഷൻ കൊടുത്തത്‌. മർദനത്തിൽ പുത്തിഗെയിലെ അബൂബക്കർ സിദ്ദീഖ്‌ കൊല്ലപ്പെട്ടുവെന്ന്‌ വ്യക്തമായതോടെ മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ്‌ ക്വട്ടേഷൻസംഘം കർണാടകത്തിലേക്ക്‌ കടന്നിരുന്നു.    ക്വട്ടേഷൻ കൊടുത്തവരാണ്‌ അബൂബക്കർ സിദ്ദിഖിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ച്‌ കടന്നുകളഞ്ഞത്‌. ഇവർ കാറിൽ കർണാടകവഴി ഗോവിയിലേക്ക്‌ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ്‌ പിടികൂടി. നിരവധി കേസുകളിൽ പ്രതിയായ അധോലോക കുറ്റവാളി പൈവളിഗെയിലെ സിയയുടെ കൂട്ടത്തിലുള്ളവരാണ്‌ ക്വട്ടേഷൻ സംഘം. ക്വട്ടേഷൻ നൽകിയവരുടെ 40 ലക്ഷം രൂപ മൂല്യമുള്ള വിദേശകറൻസി ദുബായിൽ കിട്ടിയില്ലെന്നാരോപിച്ചാണ്‌ തിരിച്ചുകിട്ടാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയത്‌. ഇന്ത്യയിലെയും വിദേശത്തെയും അധോലോക സംഘങ്ങളുമായി ബന്ധമുള്ളവരാണ്‌ ക്വട്ടേഷൻ സംഘം. Read on deshabhimani.com

Related News