വാഹനങ്ങൾ കത്തുന്നു



കണ്ണൂർ കാർ അടക്കമുള്ള വാഹനങ്ങളിൽ തീപിടിക്കുന്നത്‌ യാത്രക്കാരിൽ ഭീതി പടർത്തുന്നു. ജില്ലാ ആശുപത്രിക്കു സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്‌ ഭീതിയുടെ ആഴം വർധിപ്പിച്ചു. ഇത്രയും ദാരുണമല്ലെങ്കിലും സമാനമായ സംഭവങ്ങൾ മുമ്പ്‌ ജില്ലയിൽ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്‌. ഓടുന്നതിനിടയിലും നിർത്തിയിട്ട വാഹനങ്ങൾക്കും തീപിടിച്ചു. നിർത്തിയിട്ട നിരവധി ഇരുചക്രവാഹനങ്ങൾ കത്തിയമർന്നു.  കഴിഞ്ഞവർഷം ജനുവരി നാലിന് ദേശീയപാതയിൽ പൊടിക്കുണ്ടിന് സമീപം ബസ് കത്തിനശിച്ചിരുന്നു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്‌.  ആ​ഗസ്ത് 20ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്ത്‌ കാറും ബൈക്കും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. ഇടിയിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചിരുന്നു.  ഡിസംബർ 19ന് ദേശീയപാതയിൽ വളപട്ടണത്തെ പഴയ ടോൾ ബൂത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാർ പൂർണമായും കത്തി. രണ്ടുവർഷം മുമ്പ്‌ ചാലാട്  മണലിൽ ​ഓമ്‌നി വാനും   കത്തിയിരുന്നു.   ഷോർട്ട് സർക്യൂട്ടാണ് പല സംഭവങ്ങളിലും  വില്ലനായത്. പലപ്പോഴും എസിയിൽനിന്നുള്ള ​ഗ്യാസ് ലീക്കായിട്ടും തീപിടിത്തം ഉണ്ടാവുന്നുണ്ട്. പെട്രോൾടാങ്കിൽനിന്നും എൻജിനിലേക്ക് പോകുന്ന പൈപ്പ് വണ്ടുകൾ തുരന്ന് ലീക്കുണ്ടായി അപകടം ഉണ്ടായ സംഭവങ്ങളും റിപ്പാേർട്ട് ചെയ്തിട്ടുണ്ട്. Read on deshabhimani.com

Related News