കൈത്തറി സംഘങ്ങൾ പ്രതിസന്ധിയിൽ



കണ്ണൂർ കൈത്തറി തുണിത്തരങ്ങൾക്ക്‌ ജിഎസ്‌ടി 12 ശതമാനം വർധന നിലവിൽ വന്നതോടെ കൈത്തറി സംഘങ്ങൾ സ്‌തംഭനത്തിലേക്ക്‌. സൗജന്യ കൈത്തറി യൂണിഫോം തുണി നിർമിക്കുന്ന സംഘങ്ങളാണ്‌  പ്രതിസന്ധിയിലായത്‌. ജിഎസ്‌ടി വർധിച്ചതോടെ സംഘങ്ങളുടെ പ്രവർത്തനം എങ്ങനെ തുടരുമെന്ന ആശങ്കയിലാണ്‌ ജില്ലയിലെ കൈത്തറി സഹകരണ സംഘങ്ങൾ.     കൈത്തറി സംഘങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ മിനിമം കൂലി പരിഷ്‌കരിച്ചെങ്കിലും അതിന് ആനുപാതികമായി തുണിവില പുതുക്കിയിരുന്നില്ല. സംസ്ഥാനത്തെ സംഘങ്ങളിൽ വ്യത്യസ്തമായ രീതിയിലാണ് നിലവിലെ കൂലി. ചിലയിടങ്ങളിൽ യൂണിഫോം പദ്ധതിയിൽ സർക്കാർ നിശ്ചയിച്ച കൂലി മാത്രമാണ് തൊഴിലാളികൾക്ക് നൽകുന്നത്. എന്നാൽ, കണ്ണൂരിൽ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച മിനിമം കൂലിയും അതാത് മാസത്തെ ഉപഭോക്തൃ സൂചികയിൽ വർധിക്കുന്ന ഓരോ പോയിന്റിനും ഒരു രൂപ നിരക്കിലുള്ള ഡിഎയും നൽകുന്നുണ്ട്‌.  ഇതുകാരണം തുണി വിലയും ഇപ്പോഴത്തെ കൂലി ഉൾപ്പെടെയുള്ള ചെലവും തമ്മിലുള്ള അന്തരം വർധിച്ചു. നിലവിൽ ഉൽപാദിപ്പിക്കുന്ന മീറ്ററിന്‌ 35 രൂപ നഷ്ടം സഹിച്ചാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.     ഖാദി തുണിത്തരങ്ങൾക്ക്‌ നിലവിൽ ജിഎസ്‌ടിയില്ല. അതേപോലെ കൈത്തറി തുണിത്തരങ്ങളെയും ജിഎസ്‌ടിയുടെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയാലേ കൈത്തറി സംഘങ്ങൾക്ക്‌ മുന്നോട്ട്‌ പോകാനാകുകയുള്ളൂവെന്ന്‌ കൈത്തറി വീവേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി സന്തോഷ്‌ കുമാർ പറഞ്ഞു. യൂണിഫോം ഉൽപ്പാദനത്തിനുവേണ്ട നൂൽ എല്ലാ മാസവും നൽകാനും സംവിധാനം വേണം.  നെയ്‌ത്തുകാരുടെ കൂലി ആറുമാസമായി കുടിശ്ശികയാണ്. കൂലിയും അതത് മാസം‌ നൽകണം. കേരളാ ബാങ്ക് ക്യാഷ് ക്രഡിറ്റ് വായ്പയുടെ പലിശ കുറക്കുക, ഹാന്റക്‌സ്‌ തുണി സംഭരിച്ച വകയിൽ നൽകാനുള്ള തുക ഉടൻ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News