മിനുക്കി മിനുക്കി, വെടക്കാക്കൽ

വിണ്ടുകീറിയ കണ്ണൂർ കോർപ്പറേഷൻ കെട്ടിടത്തിന്റെ ഒരുഭാഗം 


കണ്ണൂർ പുതിയ കെട്ടിടത്തിന്‌ അനുമതിയായിട്ടും നിർമാണം തുടങ്ങാൻ താൽപ്പര്യമില്ലാതെ കണ്ണൂർ കോർപ്പറേഷൻ. കാലപ്പഴക്കത്തിൽ പൊട്ടിപ്പൊളിയുന്ന കോർപ്പറേഷൻ ഓഫീസിൽ മിനുക്കുപണി നടത്തുന്നതിൽ മാത്രമാണ്‌ അധികൃതരുടെ ശ്രദ്ധ. സീലിങ്‌ അടർന്നു കഴിഞ്ഞദിവസം ഒരാൾക്ക്‌ പരിക്കേൽക്കാൻ ഇടയാക്കിയതും കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥ.  കഴിഞ്ഞ ഡിസംബറിലാണ്‌ കോർപ്പറേഷന്‌ പുതിയ ആസ്ഥാന നിർമാണത്തിന്‌ കിഫ്‌ബി അനുമതി നൽകിയത്‌. 24.56 കോടിയാണ്‌ അനുവദിച്ചത്‌. ഇംപാക്ട്‌ കേരളയാണ്‌ നിർമാണത്തിനുള്ള നോഡൽ ഏജൻസി. എന്നാൽ, ഒരുവർഷം തികയുമ്പോഴും നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഒരു നടപടിയും എടുത്തിട്ടില്ല.  നേരത്തെ എൽഡിഎഫ്‌ ഭരണത്തിലുള്ളപ്പോൾ തന്നെ കോർപ്പറേഷന്‌ പുതിയ ആസ്ഥാന മന്ദിരത്തിനുള്ള നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, എസ്‌റ്റിമേറ്റ്‌ തുക കൂടുതലായതടക്കമുള്ള സാങ്കേതിക കാരണങ്ങളാൽ അനുമതി നീണ്ടുപോയി.  സർക്കാർ നിർദേശപ്രകാരം എസ്‌റ്റിമേറ്റ്‌ ചുരുക്കി പുതിയ പ്ലാനും സമർപ്പിച്ചു. പുതിയ ഭരണസമിതി വന്നശേഷം നടപടികൾ വേഗത്തിലാക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നതിനു പകരം പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണിയെന്ന ‘ലാഭ’ത്തിലായിരുന്നു കോർപ്പറേഷന്റെ കണ്ണ്‌.  കണ്ണൂർ എംഎൽഎയും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിൽ മന്ത്രിയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ്‌ കിഫ്‌ബി 24.56 കോടി അനുവദിച്ചത്‌.  എസ്‌റ്റിമേറ്റ്‌ പുതുക്കിയതോടെ അരക്കോടിയോളം രൂപയുടെ വർധന വന്നു. ഇതിന്‌ വീണ്ടും കിഫ്‌ബി അനുമതി നൽകണം. ഇത്‌ കൃത്യസമയത്ത്‌ സമർപ്പിക്കുന്നതിലും ഗുരുതരമായ അലംഭാവമായിരുന്നു കോർപ്പറേഷന്റേത്‌.  കഴിഞ്ഞ മാസങ്ങളിലും മറ്റും പലവിധത്തിലുള്ള അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലുമാണ്‌ കോർപ്പറേഷനിൽ നടത്തിയത്‌. മേയറുടെ ചേംബറടക്കം മോടിപിടിപ്പിച്ചു. കർട്ടനിടലും എയർകണ്ടീഷണർ സ്ഥാപിക്കലുമായി വേറെയും.  പൊളിക്കാനുള്ള ഓഫീസ്‌ ബ്ലോക്കിൽ ടോയ്‌ലറ്റുകളും പണിതു. എൽഡിഎഫ്‌ കൗൺസിലർമാരുടെ എതിർപ്പ്‌ വകവയ്‌ക്കാതെയായിരുന്നു ഇതെല്ലാം.  അറ്റകുറ്റപ്പണിക്കുവേണ്ടി കെട്ടിടത്തിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഇളകിവീഴാറായ സീലിങ്‌ മാത്രം കണ്ടില്ല. കെട്ടിടത്തിന്റെ ചുമരുകളിലും സിമന്റ്‌ തേപ്പ്‌ അടർന്നുതുടങ്ങി. Read on deshabhimani.com

Related News