സ്വന്തം മണ്ണിൽനിന്ന്‌ പുറത്താക്കല്ലേ ഇവരെ



ഇരിട്ടി ‘‘പതിമൂന്നാംവയസ്സിൽ ഉപ്പക്കും ഉമ്മക്കുമൊപ്പം വന്ന്‌ താമസിക്കുന്ന മണ്ണാണിത്‌. ഇപ്പം വയസ്സ്‌ അറുപതായി. ഇത്രേം കൊല്ലം ഇവിടെ താമസിച്ച ഞങ്ങളോട്‌ ഭൂമിയിൽനിന്ന്‌ ഇറങ്ങണമെന്നാണ്‌ കർണാടക ഫോറസ്‌റ്റുകാർ പറയുന്നത്‌. ഞങ്ങക്ക്‌ റേഷൻ കാർഡും തിരിച്ചറിയൽ കാർഡും സ്ഥലത്തിന്‌ ആധാരവും പട്ടയവും വീടിന്‌ പായം പഞ്ചായത്തിന്റെ നമ്പറുമുണ്ട്‌. ഇതൊക്കെ കാണിച്ചിട്ടും അവർ പറയുന്നത്‌ ഇത്‌ കർണാടകത്തിന്റെ സ്ഥലമെന്നാണ്‌. കേരള സർക്കാർ സഹായിക്കണം’’–- മാക്കൂട്ടം വനാതിർത്തിയിലെ തെക്കഞ്ചേരി ഫാത്തിമ പറയുന്നു.  ആറുപതിറ്റാണ്ടായി ഈ പ്രദേശത്ത്‌ താമസിക്കുന്ന എല്ലാ വീട്ടുകാരോടും കുടിയൊഴിയണമെന്നാണ്‌ കർണാടക അധികൃതർ പറയുന്നത്‌. രണ്ടാം തവണയും വനപാലകരും മാക്കൂട്ടത്തെ ബെട്ടോളി പഞ്ചായത്ത്‌ അധികൃതരും ഇവിടെയെത്തി താമസക്കാർക്ക്‌ നോട്ടീസ്‌ നൽകാൻ ശ്രമിച്ചു. താമസക്കാർ നോട്ടീസ്‌ കൈപ്പറ്റാൻ വിസമ്മതിച്ചതോടെ അവർ തിരിച്ചുപോയി.   മുൻവർഷങ്ങളിലും ഇതേമട്ടിൽ ഭീഷണിയുണ്ടായെന്ന്‌ ഇവിടുത്തുകാർ പറഞ്ഞു. ഫാത്തിമയുടെ കുടുംബത്തിൽ എട്ടുപേരാണുള്ളത്‌. അയൽവാസികളായ ജമീല, സാദിഖ്‌ എന്നിവരുടെ  കുടുംബങ്ങളെയും കർണാടക വനം അധികൃതർ ബുദ്ധിമുട്ടിക്കുന്നു.   പ്രദേശത്ത്‌ കടനടത്തുന്ന സജീറിന്റെ പീടികയും കുടിയിറക്ക്‌ ഭീഷണിയിലാണ്‌. കുടിയിറക്ക്‌ ഭീഷണിയിലായ കുടുംബങ്ങളെ ജനപ്രതിനിധികൾ സന്ദർശിച്ചു.  Read on deshabhimani.com

Related News