ജില്ലയിൽ 337 സീറ്റിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല



കണ്ണൂർ ജില്ലയിൽ 337 തദ്ദേശസ്ഥാപന സീറ്റുകളിൽ ബിജെപിയും  സഖ്യകക്ഷികളും മത്സരിക്കുന്നില്ല. 1684 സീറ്റിൽ 1347  ഇടങ്ങളിലേ ബിജെപി മത്സരരംഗത്തുള്ളൂ.  ജില്ലാപഞ്ചായത്തിലും കണ്ണൂർ കോർപ്പറേഷനിലും മാത്രമാണ്‌ മുഴുവൻ സീറ്റിലും മത്സരിക്കുന്നത്‌.  ജില്ലാപഞ്ചായത്തിൽ രണ്ടിടത്തും  കോർപ്പറേഷനിലെ ഒരു ഡിവിഷനിലും എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ്‌ ജനവിധി തേടുന്നു.  1167 പഞ്ചായത്ത്‌ വാർഡുകളിൽ  227 സീറ്റുകളിൽ  ബിജെപിക്ക്‌  സ്ഥാനാർഥികളില്ല. ചെറുകുന്ന്‌ പഞ്ചായത്തിൽ ബിജെപി മത്സരരംഗത്തേയില്ല.  നഗരസഭകളിലെ 289  വാർഡുകളിൽ 206  സീറ്റുകളിലേ ബിജെപിക്ക്‌ സ്ഥാനാർഥികളുള്ളൂ.  83  വാർഡുകളിൽ സ്ഥാനാർഥിയെ  കണ്ടെത്താനായില്ല. 149 ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനുകളിൽ 122 ഇടത്ത്‌ ബിജെപി മത്സരിക്കുന്നു. 27 ഡിവിഷനുകളിൽ സ്ഥാനാർഥികളില്ല.  ഇക്കുറി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.  യുഡിഎഫിനോ ബിജെപിക്കോ സ്ഥാനാർഥികളില്ലാത്തതിനാൽ 18 സീറ്റിൽ ‌ എൽഡിഎഫ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ 1198 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക്‌ 32 സീറ്റ്‌  കിട്ടി. നഗരസഭകളിൽ പതിനഞ്ചും പഞ്ചായത്തുകളിൽ പതിനേഴും സീറ്റ്‌  ലഭിച്ചു.  100 സീറ്റ് കിട്ടുമെന്നായിരുന്നു അവകാശവാദം. സഖ്യകക്ഷികളുടേത്‌ അടക്കം 112 സീറ്റുകൾ പിടിച്ചെടുക്കുമെന്ന്‌ അവകാശപ്പെടുന്നു‌.  യുഡിഎഫുമായി ഒട്ടേറെ സീറ്റുകളിൽ  രഹസ്യ  ധാരണയുമുണ്ട്‌. ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപി  സ്ഥാനാർഥികളെ നിർത്താതെ  യുഡിഎഫിനെ  പിന്തുണയ്‌ക്കുന്നു. Read on deshabhimani.com

Related News