നെല്ലിന്റെ അന്തകനായി നീലവണ്ട്‌

മയ്യിൽ താഴെ പാടശേഖരത്തിൽ നീലവണ്ട്‌ 
കീടബാധയിൽ നശിച്ച നെൽചെടികളുമായി 
കർഷക സി ശ്യാമള.


  കണ്ണൂർ ഒന്നാംവിള നെൽകൃഷിക്ക്‌ വൻ ഭീഷണിയായി  നീലവണ്ട്‌. ജില്ലയിൽ മിക്ക പാടശേഖരങ്ങളിലും ഈ  കീടബാധ രൂക്ഷമാണ്‌. നെൽച്ചെടിയുടെ തണ്ടിനെയും ഇലകളെയുമാണ്‌ കീടം ആക്രമിക്കുന്നത്‌. നീലവണ്ടിന്റെ ലാർവകൾ നെൽചെടിയുടെ ഹരിതകം  അതിവേഗം തിന്ന്‌ നശിപ്പിക്കുകയാണ്‌. ഇതോടെ നെല്ലിന്റെ ഇലയും തണ്ടും ഉണങ്ങും. ഒരു പാടത്തുനിന്ന്‌ മറ്റിടങ്ങളിലേക്ക്‌ പെട്ടന്ന്‌ പടരുന്നതാണ്‌ ഈ കീടബാധ.    അമ്ലാംശത്തിന്റെ ആധിക്യംമൂലമുള്ള വളർച്ചക്കുറവാണെന്ന്‌ തെറ്റിദ്ധരിച്ച്‌  മിക്ക  കർഷകരും കീടബാധയെ അവഗണിക്കുകയായിരുന്നു. എല്ലാ പാടശേഖരങ്ങളിലേക്കും ആക്രമണം വ്യാപിച്ചതോടെ കൃഷി ഉദ്യോഗസ്ഥരുടെ സഹായം തേടി.  കണ്ണൂർ കൃഷിവിജ്ഞാൻ കേന്ദ്രം ഡയറക്ടർ പി ജയരാജാണ്‌ നീലവണ്ട്‌ ബാധയാണെന്ന്‌ തിരിച്ചറിഞ്ഞത്‌.  ഇല ചുരുട്ടി പുഴുവിനെയും പട്ടാള പുഴുവിനെയും പോലെ മാരകമാണ്‌ ഈ കീടബാധയും.    വില്ലൻ കാലാവസ്ഥ 
വ്യതിയാനം കാലവസ്ഥയിലെ മാറ്റമാണ്‌ നീലവണ്ട്‌  കീടബാധയ്‌ക്ക്‌ പ്രധാന കാരണം.  മഴയും വെയിലും മാറിമാറി വരുമ്പോഴാണ്‌ ഇത്‌ കാണപ്പെടുന്നത്‌. നെൽച്ചെടിയുടെ തണ്ടിനുള്ളിലാണ്‌ ലാർവ കാണപ്പെടുന്നത്‌. ഇലകളിൽ നീളത്തിലുള്ള വെളുത്ത വരകകളാണ്‌ രോഗ ലക്ഷണം.  നൈട്രജന്റെ അളവ്‌ കൂടിയും പൊട്ടാഷിന്റെ അളവ്‌ കുറഞ്ഞമുള്ള  പാടശേഖരങ്ങളിലാണ്‌  ഇവ കൂടുതൽ പ്രകടമാവുക.  പ്രതിവിധി കഴിഞ്ഞ വർഷവും നീലവണ്ട്‌ ബാധ നേരിയ തോതിലുണ്ടായതായി കണ്ണൂർ കൃഷിവിജ്ഞാൻ കേന്ദ്ര അസി. പ്രൊഫസർ കെ പി മഞ്‌ജു പറഞ്ഞു.  സ്‌പർശന സ്വഭാവമുള്ള കീടനാശിനിയാണ്‌ ഇതിന്‌ അഭികാമ്യം.  ക്വിനാൽഫോസ് 25ഇസി എന്ന കീടനാശിനി രണ്ട്‌ മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി  ഇലകളിൽ തളിക്കാം.  ഇൻഡോക്‌സാകാർബ് 15.8  ഇസി  (നാല്‌  മില്ലി / 10 ലിറ്റർ) സ്‌പൈനോസാഡ്  45 എസ്‌സി (3.5 മില്ലി / 10ലിറ്റർ) തുടങ്ങിയവയും ഉപയോഗിക്കാം. മരുന്ന്‌ തളിക്കുന്നതിന്‌ മുമ്പ്‌  മരക്കമ്പുകൾ ഉപയോഗിച്ച്‌ നെൽച്ചെടികളുടെ തണ്ടുകൾ വിടർത്തുന്നത്‌ നല്ലതാണ്‌. ജൈവകീടനാശിനിയും ഫലപ്രദമാണ്‌. ഇരുപത്‌ മില്ലി മണ്ണെണ്ണയും പത്ത്‌ ഗ്രാം ബാർ സോപ്പും  ഒരു ലിറ്റർ വെള്ളത്തിൽ പതപ്പിച്ച്‌  ചുരുണ്ട ഇലകൾ  നിവർത്തി  തളിക്കണം. Read on deshabhimani.com

Related News