ഗാന്ധിനഗർ കോളനിക്ക് സമീപവും താമരക്കണ്ടത്തും കാട്ടാന

ഗാന്ധിനഗർ കോളനി ജനവാസ മേഖലയിലെത്തിയ കാട്ടാന


  കുമളി തേക്കടി ഗാന്ധിനഗർ കോളനിക്ക് സമീപവും താമരക്കണ്ടത്തും പ്രദേശവാസികളെ ഭീതിയിലാഴ്‍ത്തി കാട്ടാന. ബുധൻ രാത്രി ഗാന്ധിനഗർ കോളനിക്ക് സമീപം ആനയെത്തി. തേക്കടി കടുവാ സങ്കേതത്തോട് ചേർന്നാണ് കോളനിയുള്ളത്. കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് കാട്ടാനകള്‍ കോളനിയിൽ പ്രവേശിച്ചിരുന്നു.  പ്രദേശത്ത് കൃഷി നശിപ്പിച്ച ശേഷമാണ് ആനകള്‍ മടങ്ങിയത്. പിന്നീടും ഭൂരിഭാ​ഗം ദിവസങ്ങളിലും പ്രദേശത്ത് ആനയിറങ്ങാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. കുറച്ചുനാള്‍ മുമ്പ് താമരക്കണ്ടത്തിന് സമീപമെത്തിയ കാട്ടാന മതിൽ തകർത്തിരുന്നു. ഇതിന് ഒരു കിലോമീറ്റർ ദൂരെയുള്ള റോസാപ്പൂക്കണ്ടത്ത് കാട്ടാന പതിവായി കൃഷി നശിപ്പിക്കുന്നുണ്ട്. രാത്രികളിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനം. വനമേഖലയിൽ ഉൾപ്പെട്ട കൊക്കരക്കണ്ടം ഭാഗത്ത് കിലോമീറ്റർ നീളത്തിൽ കിടങ്ങ് നിർമിച്ചിരുന്നതിനാൽ ആന ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടഞ്ഞിരുന്നു. വർഷങ്ങളായി കിടങ്ങ് തകർന്ന്‌ കിടക്കുകയാണ്.     Read on deshabhimani.com

Related News