തൊടുപുഴ മാസ്റ്റർ പ്ലാൻ താൽക്കാലികമായി മരവിപ്പിക്കാൻ ആവശ്യപ്പെടും



തൊടുപുഴ  തൊടുപുഴ നഗരസഭാ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് താൽക്കാലികമായി താമസിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു.  മാസ്റ്റർ പ്ലാനിനെക്കുറിച്ച്‌ ജനങ്ങൾക്കുള്ള ആശങ്കകളും നിർദേശങ്ങളും പരിഗണിച്ച്‌ മാസ്റ്റർ പ്ലാൻ പരിഷ്‌കരിക്കണം. പൊതുനിരത്തുകളുടെ വീതി, കൃഷിയിടങ്ങൾ, വാണിജ്യാവശ്യത്തിനുള്ള സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച മാസ്റ്റർ പ്ലാനിലെ നിർദേശങ്ങൾ യുക്തിസഹമായിരിക്കണമെന്ന്‌ നിർദേശിച്ചു. വാർഷിക പദ്ധതി ഭേദഗതി സമർപ്പിച്ച 12 തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ പദ്ധതിയും അംഗീകരിച്ചു. സുസ്ഥിരവികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനായി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ലക്ഷ്യബോധത്തോടെ പരിപാടികൾ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്‌ നിർദേശിച്ചു. ജില്ലയുടെ വികസനമേഖലയിലെ നിലവിലെ സ്ഥിതിവിവരം സമഗ്രമായി ശേഖരിക്കും.ജില്ലാ റിസോഴ്‌സ് സെന്റർ ആരംഭിക്കും. ബാലസൗഹൃദ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിനായി പരിപാടികൾ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്‌ അധ്യക്ഷനായി. കലക്ടർ ഷീബ ജോർജ്, സർക്കാർ പ്രതിനിധി കെ ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, സമിതി അംഗങ്ങളായ ഡി കുമാർ, പ്രൊഫ. എം ജെ ജേക്കബ്, ഇന്ദു സുധാകരൻ, ഷൈനി സജി, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ്, ടൗൺ പ്ലാനർ രാജേഷ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News