കുന്നും മലയും താണ്ടി ആദിവാസിക്കുടികളിലും ഹരിതകര്‍മ്മ സേന



 സ്വന്തം ലേഖകന്‍ തൊടുപുഴ സമഗ്ര മാലിന്യ പരിപാലനത്തിന്റെ സന്ദേശവുമായി ഹരിതകർമ്മസേന മറയൂരിലെ ആദിവാസിക്കുടികളിലും. പന്ത്രണ്ടു കിലോമീറ്ററോളം വനത്തിലൂടെ നടന്നാണ് പാഴ്‌വസ്തുക്കൾ ശേഖരിക്കാനും ഹരിതകേരളത്തിന്റെ ആശയപ്രചാരണത്തിനുമായി ഹരിതകർമ്മ സേനാംഗങ്ങൾ കുടികളിലെത്തുന്നത്.  ഇതുവരെ ശേഖരിച്ച പ്ലാസ്റ്റിക്കും പാഴ്‌വസ്‌തുക്കളും ഒരു വീട്ടിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. അവ ഇനി വാഹനത്തിൽ കയറ്റി പഞ്ചായത്തിലെ എംസിഎഫിലെത്തിച്ച് തരംതിരിച്ച് സൂക്ഷിച്ചുവെച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. അതോടെ ഇവരുടെ ജോലി പൂർത്തിയാവും.  മറയൂർ  പഞ്ചായത്ത്‌ ഒന്നാംവാർഡിലെ നെല്ലിപ്പെട്ടി, കമ്മാളംകുടി, പെരിയകുടി, രണ്ടാംവാർഡിലെ ഇരുട്ടള, മൂന്നാംവാർഡിലെ ഈച്ചാംപെട്ടി, ആലാംപെട്ടി കുടികളിലാണ് ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങിയത്.  ആകെ അറുന്നൂറിലേറെ വീടുകൾ ഈ കുടികളിലുണ്ട്. ആഴ്ചയിൽ രണ്ടു തവണയെന്ന നിലയിൽ സേനാംഗങ്ങൾ കുടികളിലെത്തും. എല്ലാ വീടുകളിലുമെത്തി പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണമായിരുന്നു ആദ്യപടി. പ്ലാസ്റ്റിക്ക് ശേഖരിക്കാൻ 50 രൂപ നൽകണമെന്നും അറിയിച്ചു.  എല്ലാവരും പദ്ധതിയ്‌ക്ക്‌ പിന്തുണ‌ അറിയിച്ചു. പിന്നീട് കുടിയിലെത്തിയപ്പോൾ ഓരോ വീടുകളിലും പ്ലാസ്‌റ്റിക്‌ കവറുകളും മറ്റും ഭദ്രമായി സൂക്ഷിച്ച് വെച്ചിരുന്നുവെന്ന്‌ ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു.    കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടികളിലെ എല്ലാ വീടുകളിലും മാസ്‌ക് എത്തിച്ചതും ഹരിതകർമ്മ സേനാംഗങ്ങളാണ്‌. ഒന്നാംവാർഡിൽ വാണിശ്രീ സെൽവി എന്നിവരും രണ്ടാം വാർഡിൽ സംഗീത, അംബിക എന്നിവരുമാണ്‌ സേനാംഗങ്ങൾ.  മൂന്നാം വാർഡിൽ സത്യാവതി, ജെയ്‌സുമേരി, മുത്തുലക്ഷ്മി എന്നിവരും‌ സേനയുടെ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നു‌. ഇവർക്ക് നിർദ്ദേശം കൈമാറി ഹരിത കേരളത്തിന്റെ റിസോഴ്‌സ് പേഴ്‌സൺ എം സലീമുമുണ്ട്‌.     Read on deshabhimani.com

Related News