ചിന്നക്കനാലിലും ശാന്തന്‍പാറയിലും ആശങ്ക തുടരും

സിപിഐ എം നേതൃത്വത്തിൽ പെരിയകനാലിൽ ദേശീയപാത ഉപരോധിച്ചപ്പോൾ


ശാന്തൻപാറ  അരിക്കൊമ്പൻ വിഹാരം തുടരും. ജനങ്ങളുടെ ആശങ്കയും. കോടതിവിധി അനുകൂലമായി വരുംമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് കനത്ത തിരിച്ചടി.  വിധി വന്നയുടന്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളില്‍ പ്രതിഷേധം ശക്തമായി. വിധി തീര്‍ത്തും അപ്രതീക്ഷിതമെന്ന് ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. പ്രശ്‍നക്കാരായ ആനകള്‍ ഏറെയുണ്ടെങ്കിലും അരിക്കൊമ്പനെ പ്രദേശത്തുനിന്നും മാറ്റിയാല്‍  അക്രമണങ്ങൾക്ക് അറുതി വരുമെന്നതില്‍ നാട്ടുകാര്‍ക്കും വനംവകുപ്പ് അധികൃതര്‍ക്കും എതിര്‍വാക്കില്ല. ബുധനാഴ്‍ചയും ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു അരിക്കൊമ്പന്‍.  അരിക്കൊമ്പന്‍ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ജില്ലയിലെ 12 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ നടക്കും. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജകുമാരി, ബൈസൺ വാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ, പഞ്ചായത്തുകളിലാണ് രാവിലെ ആറുമുതല്‍ ആറുവരെ ഹർത്താൽ. സിപിഐ എം ആനയിറങ്കല്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധ യോ​ഗം സംഘടിപ്പിച്ചു.ശാന്തൻപാറ ഏരിയ കമ്മിറ്റി അംഗം വേലുസ്വാമി ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റിയംഗം മുത്തുപാണ്ടി, ഡിവൈഎഫ്ഐ ബ്ലോക്ക്‌ കമ്മിറ്റിയംഗം ഗോഡ്‍വിൻ ചാർലെസ് എന്നിവർ സംസാരിച്ചു. പൂപ്പാറയില്‍ സര്‍വകക്ഷിയോ​ഗം ചേര്‍ന്നു. കോടതി തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് പോകാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍​ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തം​ഗം ഉഷാകുമാരി മോഹന്‍കുമാര്‍, സിപിഐ എം ശാന്തന്‍പാറ ഏരിയ സെക്രട്ടറി എന്‍ പി സുനില്‍കുമാര്‍, കോണ്‍​ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് വനരാജ്, കേരള കോണ്‍​ഗ്രസ് അം​ഗം നമ്മനാലില്‍ ജോയി, മര്‍ച്ചന്റ് പ്രസിഡന്റ് ജോയി ജോണ്‍, എന്‍ ആര്‍ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2005ന് ശേഷം കാട്ടുകൊമ്പന്മാരുടെ അക്രമണത്തിൽ 34 പേരാണ് മരണപെട്ടത്. അതിൽ ഏഴുപേരെ കൊലപ്പെടുത്തിയത് അരിക്കൊമ്പനാണ്. 2017ൽ മാത്രം 52 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. രണ്ടുപതിറ്റാണ്ടായി 45പേരുടെ ജീവനാണ് കാട്ടുകൊമ്പൻമാരുടെ അക്രമണത്തിൽ പോലിഞ്ഞത്. Read on deshabhimani.com

Related News