പഴങ്ങൾ റെഡി; ഇനി വിശന്നിരിക്കില്ല



    അടിമാലി ഒത്തിരി ദിവസംകൂടി കുരങ്ങൻമാർ വയർ നിറയെ കഴിച്ചു. ഭക്ഷണവുമായി ആരെങ്കിലും എത്തുന്നുണ്ടോയെന്ന കുരങ്ങൻമാരുടെ ദൈന്യതനിറഞ്ഞ നോട്ടം പഞ്ചായത്ത്‌ അധികൃതരുടെ മനസ്സലിയിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി കെ എൻ സഹജന്റെ നേതൃത്വത്തിൽ ജനങ്ങളിൽനിന്ന്‌ ശേഖരിച്ച ഭക്ഷ്യവസ്തുക്കളാണ്‌ പാതയോരത്ത് കുരങ്ങൻമാർക്ക് എത്തിച്ചത്. നേര്യമംഗലം വനമേഖലയിലൂടെയുള്ള ദേശീയപാതയിൽ വികൃതികാട്ടി സഞ്ചാരികളെ രസിപ്പിക്കുന്ന വിരുതന്മാർ കുറച്ചുദിവസമായി പട്ടണിയിലായിരുന്നു. സഞ്ചാരികൾ വാനരന്മാർക്ക്‌ ഭക്ഷണം നൽകുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്‌. മനുഷ്യരുമായി അടുത്തുകഴിഞ്ഞിരുന്നവർക്ക്‌ ഭക്ഷണാവശിഷ്ടങ്ങൾ നൽകിയിരുന്ന വഴിയോരകച്ചവടക്കാരും കടപൂട്ടിപ്പോയി. ചീയപ്പാറ വെള്ളച്ചാട്ടം ഉൾപ്പെടെ ജലസ്രോതസ്സുകൾ വറ്റിയതോടെ ദാഹമകറ്റാനും  ഈ മിണ്ടാപ്രാണികൾക്ക് തരമില്ലാതായി. ക്ഷാമകാലത്ത്‌ പഴവർഗങ്ങൾ കൈക്കലാക്കാൻ ജനവാസമേഖലയിൽ കുട്ടിക്കുരങ്ങൻമാർവരെ കൂട്ടമായി എത്തി. വരും ദിവസങ്ങളിലും ഭക്ഷണം നൽകുമെന്ന്‌ അധികൃതർ അറിയിച്ചു.         Read on deshabhimani.com

Related News