കട്ടപ്പന നഗരസഭ ഭരണസ്‌തംഭനം; എൽഡിഎഫ്‌ ധർണ

കട്ടപ്പന നഗരസഭ ഭരണസ്‌തംഭനത്തിനെതിരെ എൽഡിഎഫ്‌ പ്രതിഷേധം മുൻ ചെയർമാൻ 
മനോജ്‌ എം തോമസ്‌ ഉദ്‌ഘാടനംചെയ്യുന്നു


കട്ടപ്പന  കട്ടപ്പന നഗരസഭയിലെ ഭരണസ്‌തംഭനത്തിനെതിരെ എൽഡിഎഫ്‌ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യുഡിഎഫ്‌ ഭരണസമിതി അധികാരത്തിൽ വന്നശേഷം ഷെൽട്ടർ ഹോം, നഗരസഭ സ്‌റ്റേഡിയം, നഗരസഭ പാർക്ക്‌ എന്നീ പ്രധാന പദ്ധതികളെല്ലാം നിലച്ചു. നഗരസഭാ അതിർത്തിയിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്‌. കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ള ജനക്ഷേമകരമായവ നടപ്പാക്കുന്നില്ല. ഭരണകക്ഷി കൗൺസിലർമാരുടെ ചേരിതിരിവും കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുപോരും മൂലം നഗരസഭയിൽ ഭരണസ്‌തംഭനമാണ്‌. കോൺഗ്രസിലെ തമ്മിലിടിയെത്തുടർന്ന്‌ കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽനിന്ന്‌ കോൺഗ്രസ് എ വിഭാഗവും ജോസഫ് വിഭാഗം കൗൺസിലർമാരും വിട്ടുനിന്നു. നഗരസഭ അധ്യക്ഷയുമായുള്ള അസ്വാരസ്യങ്ങളാണ് കൗൺസിൽ യോഗത്തിൽനിന്ന്‌ വിട്ടുനിൽക്കാൻ കാരണം. നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാരും രണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൗൺസിലർമാരും ഉൾപ്പെടെ 14 കൗൺസിലർമാരാണ് യോഗത്തിൽനിന്ന്‌ വിട്ടുനിന്നത്. കോൺഗ്രസിലെ ഗ്രൂപ്പ്‌ പോരുമൂലം കൃത്യഇടവേളകളിൽ കൗൺസിൽ യോഗംപോലും കൂടാൻ സാധിക്കുന്നില്ലെന്നും എൽഡിഎഫ്‌ പ്രതിനിധികൾ പറഞ്ഞു.  കട്ടപ്പന മുനിസിപ്പൽ മിനി സ്‌റ്റേഡിയത്തിൽ നടന്ന ധർണ നഗരസഭ മുൻ ചെയർമാൻ മനോജ്‌ എം തോമസ്‌ ഉദ്‌ഘാടനംചെയ്‌തു. രാജൻകുട്ടി മുതുകുളം അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ എം സി ബിജു, ടോമി ജോർജ്‌, ഷാജി കൂത്തോടി, സുധർമ്മ മോഹനൻ, ബെന്നി കുര്യൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News