ഡിസിസി വെട്ടിയ നിഷയ്‌ക്ക്‌ മുല്ലപ്പള്ളിയുടെ ‘ഡോണ്ട്‌ വറി’



തൊടുപുഴ കെപിസിസി കൈപ്പത്തി ചിഹ്നം അനുവദിച്ച ശേഷം ഡിസിസി നേതൃത്വം സ്ഥാനാർഥിത്വം നിഷേധിച്ച്‌ പെരുവഴിയിലാക്കിയ മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നിഷാ സോമനോട്‌‌‌ ‘ഡോണ്ട്‌ വറി’ പറഞ്ഞ്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടുക്കി പ്രസ്‌ക്ലബിൽ മുല്ലപ്പള്ളി ‘മുഖാമുഖ’ത്തിൽ പങ്കെടുക്കുന്നത്‌ അറിഞ്ഞാണ്‌ നിഷ എത്തിയത്‌. തൊടുപുഴ നഗരസഭ 21‐ാം വാർഡിൽ പത്രിക നൽകിയിരുന്ന നിഷയ്‌ക്ക്‌ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അനുമതി നൽകി കെപിസിസി കത്ത്‌ കൈമാറിയിരുന്നു. ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാറും ഡീൻ കുര്യാക്കോസ്‌ എംപിയും ചേർന്ന്‌ ഇതു വെട്ടി. പകരം മറ്റൊരാൾക്ക്‌ ചിഹ്നം അനുവദിച്ചു. ഇതോടെ നിഷ വിമതയായി മത്സരിച്ച്‌ നടപടി നേരിടാൻ തയ്യാറാകാതെ പത്രിക പിൻലിക്കുകയായിരുന്നു.  സീറ്റും ചിഹ്നവും അനുവദിക്കുന്നതിന് കെപിസിസി മാർഗനിർദേശം നൽകിയിരുന്നുവെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ മുല്ലപ്പള്ളി പ്രതികരിച്ചത്‌. അതേസമയം, നിഷയ്‌ക്ക്‌ കെപിസിസി അനുവദിച്ച സീറ്റും ചിഹ്നവും ഡിസിസി നേതൃത്വം നിഷേധിച്ചതായി‌‌ അറിയില്ലെന്നും അദ്ദേഹം‌ കൈമലർത്തി. കെപിസിസിയുടെ നിർദേശം ഡിസിസികൾ ലംഘിച്ചോ എന്ന്‌ പരിശോധിക്കാതെ പറയാൻ പറ്റില്ലെന്നായിരുന്നു ഇബ്രാഹിംകുട്ടി കല്ലാറിനെയും ഡീനിനെയും ഒപ്പമിരുത്തി മുല്ലപ്പള്ളിയുടെ മറുപടി. നിഷയ്‌ക്ക്‌ വോട്ടുണ്ടായിരുന്ന വാർഡിലും പിന്നീട്‌ 21‐ാം വാർഡിലും നിഷയ്‌ക്ക്‌ സീറ്റ്‌ ലഭിക്കുന്നത്‌ തടയാൻ കോൺഗ്രസിലെ ഒരു വിഭാഗം ആദ്യം മുതൽ ശ്രമിച്ചിരുന്നുവെന്ന്‌ ഇവരെ അനുകൂലിക്കുന്നവർ പറഞ്ഞു. മുഖാമുഖം കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ അടുത്തെത്തി‌ ‘ഡോണ്ട്‌ വറി’ പറഞ്ഞ്‌ നിഷയെ ആശ്വസിപ്പിക്കാൻ മുല്ലപ്പള്ളി ശ്രമിച്ചത്‌.  Read on deshabhimani.com

Related News