മിനി ഡ്രയറുമായി കർഷകമിത്രം അ‍ഞ്ജു തോമസ്

അഞ്ജു തോമസ്


രാജാക്കാട്‌  സംസ്ഥാനത്തെ മികച്ച കുട്ടി കര്‍ഷകയായി തെരഞ്ഞെടുക്കപ്പെട്ട പാറയ്ക്കൽ അ‍ഞ്ജു തോമസ്  ഗവേഷണ രംഗത്തും ശ്രദ്ധേയയാകുന്നു. കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുന്ന കുറഞ്ഞ ചെലവില്‍ നാണ്യവിളകള്‍ ഉണക്കിയെടുക്കാന്‍ കഴിയുന്ന മിനി ഡ്രയറാണ്   അ‍ഞ്ജു തോമസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.   കൃഷിയുടെ അനുഭവ പാഠങ്ങൾ കൈമുതലാക്കിയാണ്‌  കൊന്നത്തടി സ്വദേശി ഈ മിടുക്കി കാർഷികരംഗത്ത്‌ മുന്നേറുന്നത്‌. മഴക്കാലമായാൽ  ഹൈറേഞ്ചിലെ കർഷകര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി നാണ്യവിളകൾ ഉണക്കലാണ്‌.  വിളവെടുക്കുന്ന ജാതിക്കായ് അടുപ്പിന് സമീപത്തിട്ടും പുകയടുപ്പിലുമാണ് ഉണക്കിയെടുക്കുക. ഇത്‌  നിറം മങ്ങാനും  വളരെ പെട്ടെന്ന് പൂപ്പല്‍ ബാധിക്കാനും ഇടയാകുന്നതിനാൽ   വിപണിയില്‍ രണ്ടാം തരമാക്കി മാറ്റപ്പെടുന്നു.   സ്വന്തം പിതാവ് നേരിടുന്ന ഇത്തരം പ്രതിസന്ധി കണ്ടിട്ടാണ് അ‍ഞ്ജു കുറഞ്ഞ ചെലവില്‍ ഏത് കാലാവസ്ഥയിലും കര്‍ഷകനും ഉപയോഗിക്കാനാവുന്ന   മിനി ഡ്രയര്‍ വികസിപ്പിച്ചെടുത്തത്. ശാസ്ത്രീയ  അടിത്തറയില്‍ നിന്നുള്ള കണ്ടുപിടുത്തം എല്ലാ കര്‍ഷകരിലേയ്ക്കും എത്തിക്കുന്നതിനും പേറ്റന്റ്‌ എടുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് .  കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അ‍ഞ്ജു ചെറുപ്പം മുതല്‍ കൃഷി പരിപാലനം നടത്തിവരുന്നു. പച്ചക്കറി കൃഷിയില്‍ തുടങ്ങിയ കാര്‍ഷിക പ്രവര്‍ത്തി സമ്മിശ്ര കൃഷിയിലേയ്ക്ക് വഴിമാറ്റി.  ഇതോടെ സംസ്ഥാനത്തെ മികച്ച കുട്ടികര്‍ഷകയ്ക്കുള്ള അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരവും അ‍ഞ്ജുവിനെ തേടി എത്തി. കൃഷി ഓഫീസറാകണമെന്നാണ് ആഗ്രഹം.  കാര്‍ഷിക കോളേജിൽ ബിരുദ പഠനം പൂര്‍ത്തിയാക്കി റിസല്‍ട്ട്‌  കാത്തിരിക്കുന്ന സമയത്താണ്‌ പുതിയ കണ്ടുപിടുത്തം. അച്ഛന്‍ തോമസും,അമ്മ വിത്സമ്മയും സഹോദരന്‍ ബോബിയും   പിന്തുണയുമായി ഒപ്പമുണ്ട്. Read on deshabhimani.com

Related News