അഞ്ചുനാട്ടിൽ നിർമാണമേഖല സ്‌തംഭനത്തിലേക്ക്‌



മറയൂർ കരിങ്കല്ലും മണലും മെറ്റലും ലഭിക്കാതായതോടെ മറയൂർ, കാന്തല്ലൂർ പഞ്ചായത്ത് ഉൾപ്പെടുന്ന അഞ്ചുനാട് മേഖലയിലെ നിർമാണമേഖല സ്തംഭനത്തിലേക്ക്. പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങളും ഭവനനിർമാണ പദ്ധതികളും ഇഴഞ്ഞുനീങ്ങുകയാണ്‌. പട്ടിശേരി അണക്കെട്ട്‌ നിർമാണവും മന്ദഗതിയിലായി. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ മണൽ കടവുകൾ നിർത്തലാക്കിയിട്ട് ആറുവർഷത്തിലേറെയായി.       പ്രദേശത്തെ പാറമടകളും പ്രവർത്തനരഹിതമാണ്‌. തമിഴ്നാട്ടിലെ മടത്തുകുളത്തുനിന്ന്‌ കരിങ്കല്ലും മെറ്റലും പാറപ്പൊടിയും എത്തിച്ചായിരുന്നു മറയൂർ മേഖലയിലെ നിർമാണം. ഒന്നരമാസമായി നിർമാണസാമഗ്രികളുമായി വരുന്ന വാഹനങ്ങൾ ഉദുമൽപേട്ട ഡിവൈഎസ്‌പി തടയുകയാണത്രെ. മറയൂർ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.      ലൈഫ് മിഷൻ ഭവന പദ്ധതികൾ, പഞ്ചായത്ത്, ബ്ലോക്ക്, പൊതുമരാമത്ത് വകുപ്പ് നിർമാണങ്ങളെല്ലാം നിലച്ചമട്ടിലാണ്. 2021– 22 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപെട്ടതും മാർച്ചിനുമുമ്പ് നിർമാണം പൂർത്തിയാക്കാനുള്ള പദ്ധതികളുമെല്ലാം പാതിവഴിയിലാണ്. കേരളത്തിൽ ഏറ്റവുമടുത്ത്  നിർമാണ സാമഗ്രികൾ ലഭിക്കുന്നത് കോതമംഗലത്തുനിന്നാണ്. അവിടെനിന്ന് അസംസ്‌കൃത വസ്‌തുക്കൾ എത്തിക്കാൻ രണ്ടിരട്ടി തുക നൽകേണ്ടിവരും. ഇത്‌  കരാറുകാരെ ആശങ്കയിലാഴ്‌ത്തുന്നു. തമിഴ്നാട് അധികൃതരുമായി ചർച്ചചെയ്‌ത്‌ നിർമാണസാമഗ്രികൾ എത്തിക്കാൻ നടപടി വേണമെന്നതാണ്‌ പ്രദേശവാസികളുടെ ആവശ്യം. Read on deshabhimani.com

Related News