ലൈഫ്‌ പദ്ധതി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണം



മൂലമറ്റം ലൈഫ് പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ കാതലായ മാറ്റം വരുത്തണണമെന്ന്‌ സിപിഐ എം മൂലമറ്റം ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലെ മാനദണ്ഡപ്രകാരം മൂലമറ്റം ഏരിയ പരിധിയിൽ അർഹരായ ഭൂരിപക്ഷം പേർക്കും ആനുകൂല്യം ലഭിക്കില്ല.  ഏരിയയിലെ അഞ്ച്‌ പഞ്ചായത്തിലായി 1660 ഭൂരഹിതരും 1584 ഭവനരഹിതരും ഗുണഭോക്താക്കളായുണ്ട്‌. സർക്കാർ മാനദണ്ഡപ്രകാരം ഗുണഭോക്താക്കൾക്ക്‌ 25 സെന്റിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ല. കുടുംബ വാർഷികവരുമാനം ഒരു ലക്ഷത്തിൽ താഴെയാകണം.ഈ മാനദണ്ഡങ്ങൾ ഈ മേഖലയിൽ പ്രയോഗികമല്ല. പാറയും മറ്റും നിറഞ്ഞ വരുമാനമില്ലാത്തതും കൃഷിയോഗ്യമല്ലാത്തതുമായ 30 സെന്റും അതിനു മുകളിലും ഭൂമിയുള്ള ഭവനരഹിതർ ഇവിടെയുണ്ട്‌. ഇവർ ഈ പദ്ധതിക്ക്‌ പുറത്താവുമെന്ന്‌ സമ്മേളനം വിലയിരുത്തി.    പട്ടയം അനുവദിക്കുക, മൂലമറ്റത്ത് മിനി സ്റ്റേഡിയം അനുവദിക്കുക, തൊടുപുഴ താലൂക്ക് ആശുപത്രിയിൽ കാർഡിയാക് യൂണിറ്റ് അനുവദിക്കുക, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഭൂമിയുടെ താരിഫ്‌ വിലയിലെ അപാകം പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.  പൊതുചർച്ചയ്‌ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, വി വി മത്തായി, ആർ തിലകൻ, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ എന്നിവർ മറുപടി പറഞ്ഞു. ക്രഡൻഷ്യൻ റിപ്പോർട്ട് ടി കെ മോഹനൻ അവതരിപ്പിച്ചു. ഏരിയ കമ്മിറ്റിയംഗം പി ആർ പുഷ്പവല്ലി നന്ദി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും ഒമ്പത്‌ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. വൈകിട്ട്‌ പ്രകടനത്തെ തുടർന്ന്‌ ടൗണിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന  സെക്രട്ടറിയറ്റംഗം എം എം മണി  എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. Read on deshabhimani.com

Related News