കുട്ടികളെ സ്വീകരിക്കാന്‍ തൂമ്പയെടുത്ത് അധ്യാപകര്‍; കല്ലാറില്‍ നിന്നും വ്യത്യസ്തമായ കാഴ്ച

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കല്ലാർ സ്കൂളിന്റെ പരിസരം 
വൃത്തിയാക്കുന്ന അധ്യാപകർ


നെടുങ്കണ്ടം> സ്കൂൾ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനുപിന്നാലെ കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിൽ തൂമ്പയെടുക്കുകയാണ് കല്ലാർ സ്കൂളിലെ ഒരുപറ്റം അധ്യാപകർ. ജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന കല്ലാർ സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പുതുമോടിയിലാക്കുന്നതിന്റെ ആവേശത്തിലാണിവർ. സ്കൂളിലെ മുതിർന്ന അധ്യാപകനായ എം എം ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാലയവും പരിസരവും പാതയോരങ്ങളും ക്ലാസ്‌ മുറികളും ശുചിമുറികളുമെല്ലാം വൃത്തിയാക്കി.        പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ കല്ലാർ സ്കൂളിൽ പുതിയ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ, കോവിഡ്മൂലം കുട്ടികൾ വിദ്യാലയത്തിൽ എത്തിയിരുന്നില്ല. സ്കൂൾ തുറക്കുമെന്ന സർക്കാർ പ്രഖ്യാപനം അധ്യാപകരിലും രക്ഷിതാക്കളിലും കുട്ടികളും ഒരുപോലെ ആവേശം നിറച്ചിരിക്കുകയാണ്. മുറ്റം തറയോട് നിരത്തി മോടിയാക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കും. വിദ്യാർഥികൾക്ക് പഠനം സുഗമമാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പിടിഎ പ്രസിഡന്റ്‌ ടി എം ജോൺ അറിയിച്ചു.   Read on deshabhimani.com

Related News