കുടുംബശ്രീ രജതജൂബിലിയും അയൽക്കൂട്ട സംഗമവും

കുടുംബശ്രീ 25–--ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി പാർക്കിൽ സംഘടിപ്പിച്ച അയൽക്കൂട്ടസംഗമത്തിൽ
 മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു


ഇടുക്കി കുടുംബശ്രീ സമൂഹത്തിൽ സർവതോന്മുഖമായ മാറ്റത്തിന് വഴിയൊരുക്കിയതായി  മന്ത്രി റോഷി അഗസ്റ്റിൻ. കുടുംബശ്രീ 25–-ാം വാർഷികത്തോടനുബന്ധിച്ച് ‘ചുവട് 2023' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അയൽക്കൂട്ട സംഗമത്തിന്റെ ഭാഗമായി ഇടുക്കി പാർക്കിൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഗ്രാമീണ കുടുംബങ്ങളിൽ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. സ്ത്രീശാക്തീകരണത്തിന് കുടുംബശ്രീ വഹിച്ച പങ്ക് അഭിനന്ദനാർഹമാണ്. സ്ത്രീപങ്കാളിത്തം നാടിന്റെ വികസനത്തിന് വലിയ കരുത്തേകിയെന്ന്‌ -മന്ത്രി പറഞ്ഞു. ഉഷസ്സ് കുടുംബശ്രീ പ്രസിഡന്റ് ഷൈനി തോമസ് അധ്യക്ഷനായി. കലക്ടർ ഷീബാ ജോർജ് മുഖ്യപ്രഭാഷണം നടത്തി. അക്ഷര, ബ്ലെസ്സിങ്, ഉഷസ് എന്നീ കുടുംബശ്രീകളുടെ സംഗമമാണ് ഇടുക്കി പാർക്കിൽ നടന്നത്. ജില്ലയിലെ 12,501 അയൽക്കൂട്ടങ്ങളിലും അയൽക്കൂട്ട സംഗമം നടത്തി.  25 വർഷത്തെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, ആരോഗ്യം, പൊതുശുചിത്വം,  വികസനആവശ്യങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. ജനുവരി 26ന് ആരംഭിച്ച് മെയ് 17ന് പൂർത്തിയാകുന്ന വിധത്തിൽ വൈവിധ്യമാർന്ന കർമ പരിപാടികൾക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്.  ജില്ലാ പൊലീസ്‌ മേധാവി  വി യു കുര്യാക്കോസ്, സബ് കലക്ടർ അരുൺ എസ് നായർ, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. Read on deshabhimani.com

Related News