ഭരണഘടനയെ ദുരുപയോഗിക്കാൻ 
അനുവദിക്കരുത്: മന്ത്രി റോഷി അഗസ്റ്റിൻ

മന്ത്രി റോഷി അഗസ്റ്റിൻ റിപ്പബ്ലിക് ദിന പരേഡ് പരിശോധിക്കുന്നു


ഇടുക്കി ഭരണഘടനയുടെ അന്തഃസത്തയെ ദുർബലപ്പെടുത്താനും ദുരുപയോഗം ചെയ്യാനും അനുവദിക്കരുതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. പെെനാവ് പൂർണിമ ക്ലബ് മൈതാനത്തിൽ 73–ാമത് റിപ്പബ്ലിക് ദിനാഘോഷസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണ്‌. മതേതരത്വവും വിപുലമായ പൗരാവകാശങ്ങളും ഫെഡറൽ കാഴ്ചപ്പാടുമെല്ലാം ഭരണഘടന അനുവദിച്ചുതരുന്നതാണ്‌.      കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന്‌ മാതൃകയാണ്‌. വിശക്കുന്ന വയറുകൾക്ക് ആഹാരം എത്തിച്ച് പട്ടിണിയെ ആട്ടിയകറ്റാനുള്ള ആർജവം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ കാട്ടി. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഭക്ഷ്യക്കിറ്റുകൾ നൽകിയ സർക്കാരാണിത്. കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കേണ്ട അവസ്ഥയിലാണ് നമ്മൾ. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിയന്ത്രണങ്ങൾക്കപ്പുറം ഓരോരുത്തരും സ്വയംനിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.   റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ മന്ത്രിയെ കലക്ടർ ഷീബ ജോർജും ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമിയും ചേർന്ന് സ്വീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം പരേഡ് പരിശോധിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. പരേഡ് കമാൻഡർ പി എച്ച് ജമാലിന്റെ നേതൃത്വത്തിൽ മൂന്ന് പ്ലാറ്റൂണുകളും പൊലീസ് ബാൻഡുമാണ് പരേഡിൽ അണിനിരന്നത്.     ആർഎസ്ഐ റോയ് തോമസ് നയിച്ച ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ടീം, എസ്ഐ എസ് സുലൈഖയുടെ നേതൃത്വത്തിൽ വനിതാ പൊലീസ്‌, എക്‌സൈസ് ഇൻസ്‌പെക്ടർ വി പി മനൂപിന്റെ നേതൃത്വത്തിലുള്ള ടീം എന്നീ പ്ലാന്റൂണുകൾക്ക്‌ കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയൻ പൊലീസ് ബാൻഡ്‌ പരേഡിന് താളലയമൊരുക്കി.     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, എഡിഎം ഷൈജു പി ജേക്കബ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, വാർഡംഗം രാജു ജോസഫ്, ആർഡിഒ, തഹസിൽദാർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News