ചേർത്തുപിടിച്ച്‌

ധീരജ് പഠിച്ച ഇടുക്കി എൻജിനിയറിങ് കോളേജിൽ അച്ഛനും അമ്മയും സഹോദരനും എത്തിയപ്പോൾ


ചെറുതോണി ധീരജിന്റെ ഓർമകളിൽ വികാരനിർഭരമായ ഒത്തുചേരലിനാണ് ഇടുക്കി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. സ്വന്തം കുടുംബത്തിലെ ഒരംഗം അകാലത്തിൽ ഖദറിട്ട ദുഷ്ടന്മാർ കൊത്തിയെടുത്തതിന്റെ ആത്മരോഷവും വേദനിക്കുന്ന രക്തസാക്ഷി കുടുംബത്തോടുള്ള ആർദ്രതയും നിഴലിച്ചുനിന്ന ചടങ്ങിന്‌  സാക്ഷ്യം വഹിക്കാനെത്തിയത്‌ ആയിരങ്ങളും. ധീരജിന്റെ ഇരമ്പിയാർത്ത ഓർമകൾ മണൽത്തരികളെ പോലും പ്രതിഷേധാഗ്നിയിലേക്ക് കൊണ്ടുപോയ ദിവസം. 2022 ജനുവരി 10. ആ കറുത്തദിനം ഓർമകളിൽ നിഴലിച്ചു വന്നപ്പോൾ ഒരുവേള പ്രവർത്തകർ ഒന്നാകെ ആർത്തുവിളിച്ചു. "ഇല്ലാ ധീരജ് മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. കോൺഗ്രസ്‌ ക്രിമിനൽ സംഘം ആഞ്ഞുകുത്തിയ കഠാരയിൽ പൊലിഞ്ഞു പോയത് ഒരു ശുഭ്രനക്ഷത്രം. വീണുടഞ്ഞത് ഒരു വീടിൻെറ സ്വപ്നവും. നൊമ്പരമാർന്ന നിമിഷങ്ങളിലും, പതറി പോകാതെ കടമ നിർവഹിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിന് ഒപ്പം നിന്നു .  ക്യാമ്പസിനുള്ളിൽ ചേർത്തുപിടിച്ച നിലപാടുകളുമായി പിടഞ്ഞു വീണപ്പോഴും വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തോട് ചേർന്നുനിന്ന ധീരജിന്റെ കുടുംബത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെഞ്ചോട് ചേർത്തു. ഇടുക്കി മുതൽ കണ്ണൂർ തളിപ്പറമ്പ് വരെ പാതയോരങ്ങളിൽ വിലാപയാത്രയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. ചിതയൊരുക്കാൻ പോലും ഒരുപിടി മണ്ണില്ലാത്ത ആ കുടുംബത്തിനുവേണ്ടി എട്ട്‌ സെന്റ്‌ സ്ഥലം വാങ്ങി ചിതയൊരുക്കുവാൻ പാർട്ടിക്ക് ആവശ്യം വന്നത് മിനിറ്റുകൾ മാത്രം. 25 ലക്ഷം രൂപ കണ്ടെത്തിയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്. പിന്നെയും പാർട്ടി ഒട്ടും വൈകിയില്ല പാർട്ടിയും ഇതര സംഘടനകളും തെരുവിലേക്കിറങ്ങി. എസ്എഫ്ഐ  പാഴ് വസ്തുക്കൾ ശേഖരിച്ച് എട്ട്‌ ലക്ഷം രൂപ സമാഹരിച്ചു. ഡിവൈഎഫ്ഐ രണ്ടു ലക്ഷം രൂപ നൽകി. പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാർ  ഒന്നാകെ ഒരു മനസ്സും ഒരു ശരീരവുമായി  നാട്ടിലേക്ക് ഇറങ്ങി. ജനവിശ്വാസം ആർജിച്ച പ്രസ്ഥാനത്തിന്  ബഹുജനങ്ങൾ നൽകിയത് ഒരുകോടി 59 ലക്ഷം രൂപയാണ്. 60 ലക്ഷം രൂപ ധീരന്റെ കുടുംബത്തിന് കൈമാറി. ആക്രമണത്തിൽ പരിക്കേറ്റ ധീരജിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കഠാര ആഴ്ന്നിറങ്ങി ചികിത്സയിലൂടെ രക്ഷപ്പെട്ട അമലിനും അഭിജിത്തിനും അഞ്ചുലക്ഷം രൂപ വീതം നൽകി പാർട്ടി ആ കുടുംബങ്ങളെയും ചേർത്തുപിടിച്ചു. കുടുംബ സഹായനിധി കൈമാറുന്നതിനും ധീരജിന്റെ അസ്തമിക്കാത്ത ഓർമകൾ അനശ്വരമായി സൂക്ഷിക്കുന്നതിന് ധീരജ് സ്മാരക മന്ദിരത്തിനും സ്ഥലം വാങ്ങി. രക്തസാക്ഷി കുടുംബത്തോടുള്ള ആദരവാണ് അതിൽ ദൃശ്യമായത്‌. ഒരാഴ്ച നീണ്ട പ്രവർത്തനങ്ങൾ പങ്കെടുത്തത് 8000ത്തിൽ അധികം പേർ. മുഖ്യമന്ത്രി പിണറായി വിജയൻ ധീരജിന്റെ മാതാപിതാക്കൾക്കും കുത്തേറ്റ അമലിനും അഭിജിത്തിനും സഹായം കൈമാറിയത്‌.   ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അധ്യക്ഷനായി. എം എം മണി എംഎൽഎ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോം എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ കെ ജയചന്ദ്രൻ, കൊല്ലം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, അഡ്വ . ജോയ്‌സ്‌ ജോർജ്‌,  സെക്രട്ടറിയറ്റ്‌ അംഗങ്ങളായ  പി എസ്‌ രാജൻ, കെ വി ശശി, വി എൻ മോഹനൻ, വി വി മത്തായി, കെ എസ്‌ മോഹനൻ, ആർ തിലകൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ്‌ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം റോമിയോ സെബാസ്‌റ്റ്യൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News