പ്രകൃതിക്ഷോഭം: 183 കോടിയുടെ നഷ്ടം

കൊക്കയാറിലെ ദുരിതബാധിത പ്രദേശങ്ങൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു


ഇടുക്കി  ജില്ലയിൽ ഒക്ടോബർ 16ലെ അതിതീവ്രമഴയിലും തുടർന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയിലുമായി ഏകദേശം 183 കോടി രൂപയുടെ നാശനഷ്ടം ഇതുവരെ കണക്കാക്കി. ദുരന്തത്തിൽ ആകെ 12 പേരാണ്‌ മരിച്ചത്‌. 119 വീട്‌ പൂർണമായും 391 വീട്‌ ഭാഗികമായും തകർന്നു. വിവിധ സ്ഥലങ്ങളിൽ റോഡുകൾ തകർന്നു. നാശനഷ്ടം സംഭവിച്ച വിശദമായ കണക്കെടുപ്പ് നടക്കുന്നതായി കലക്ടർ ഷീബ ജോർജ് പറഞ്ഞു.     പ്രാഥമിക കണക്കുകൾ പ്രകാരം 151.34 ഹെക്ടർ പ്രദേശത്ത്‌ വിളനാശമുണ്ട്‌. 4194 കർഷകരെ ബാധിച്ചു. 7.03 കോടിയിലേറെ നാശനഷ്ടമാണ്‌ കാർഷികമേഖലയിൽ മാത്രമുള്ളത്‌. മൃഗസംരക്ഷണമേഖലയിൽ 10.92 ലക്ഷത്തിന്റെ നാശവും. പൊതുമരാമത്ത്‌ റോഡുകൾ തകർന്ന്‌ 55 കോടിയുടെ ഏകദേശനഷ്ടവും കണക്കാക്കി.      ജലസേചനവകുപ്പിനും കാര്യമായ നാശനഷ്ടം നേരിട്ടു. ആകെ 99.4 കോടി രൂപ. കൂടാതെ സംരക്ഷണഭിത്തി തകർന്ന്‌ 5.69 കോടിയുടെയും നാശം നേരിട്ടു.  കുടിവെള്ള പദ്ധതികൾക്കായി വാട്ടർ അതോറിറ്റിക്ക് ആകെ 1.19 കോടിയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയിൽ വീടുകൾ തകർന്ന വകയിൽ ഏകദേശ നഷ്ടം 15 കോടിയാണ്. പീരുമേട് താലൂക്കിൽ മാത്രം നൂറ്‌ വീട്‌ പൂർണമായി തകർന്നു. ഭാഗികമായി 256 വീടും. ജില്ലയിൽ 32 ദുരിതാശ്വാസ ക്യാമ്പുകളിലായി 651 കുടുംബങ്ങളിലെ 2146 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.    Read on deshabhimani.com

Related News