കെട്ടുകഥകളുമായി അരിക്കൊമ്പനെ വിടാതെ ഒരുവിഭാഗം മാധ്യമങ്ങൾ



കുമളി അരിക്കൊമ്പനെ വിടാതെ ഒരു വിഭാഗം മാധ്യമങ്ങൾ. ഇത്തവണ കുമളി ടൗണിന് സമീപം അരിക്കൊമ്പനെത്തി എന്ന നിലയിലുള്ള കെട്ടുകഥകളാണ്‌ ഒരു വിഭാഗം  ദൃശ്യ–- ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. തേക്കടി ബോട്ട് ലാൻഡിങ്ങിൽനിന്ന്‌ തെക്ക് കിഴക്കായി ആറര കിലോമീറ്റർ ആകാശദൂരത്ത് ഉൾവനമേഖലയിലാണ് കഴിഞ്ഞദിവസം അരികൊമ്പൻ എത്തിയതായി സിഗ്നൽ ലഭിച്ചത്. ബോട്ട് ലാൻഡിങ്ങിൽ നിന്നും കുമളി ടൗണിലേക്ക് രണ്ട് കിലോമീറ്റർ ആകാശദൂരമുണ്ട്. കുമളി ടൗണിൽ നിന്നും ആകാശദൂരം എട്ടര കിലോമീറ്റർ ഉൾവനത്തിലാണ് ആനയുടെ സിഗ്നൽ ലഭിച്ചത്. മേടും, താഴ്വരകളും, നദിയും ചുറ്റി കറങ്ങി വരുമ്പോൾ 20 കിലോമീറ്ററിലേറെ ദൂരമുണ്ട്. നിലവിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന പെരിയാർ കടുവാ സങ്കേതത്തിലാണ് ആന ചുറ്റിക്കറങ്ങുന്നത്. വസ്തുത ഇതായിരിക്കെ ആന കുമളി ടൗണിന് സമീപം എത്തി മടങ്ങിയെന്ന വ്യാപകമായ പ്രചാരണം ചില ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും നടത്തി. ജനങ്ങളിൽ ഭീതിയും തെറ്റിദ്ധാരണയും പരത്തുന്നതിനാണ് ഇവർ ശ്രമിക്കുന്നതെന്ന വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.  കഴിഞ്ഞ 30ന് പുലർച്ചെ അഞ്ചിനാണ് പെരിയാർ കടുവാ സങ്കേതത്തിലെ സീനിയറോഡയ്ക്ക് സമീപം ആനയെ തുറന്നുവിട്ടത്. അരിക്കൊമ്പൻ തൊട്ടടുത്ത ദിവസം തമിഴ്നാടിന്റെ മേഘമല വനമേഖലയിലേക്ക് കടന്നു. പിന്നീട് പെരിയാർ കടുവാ സങ്കേതത്തിലേക്ക്‌ തിരിച്ചെത്തുകയും ചെയ്തു.  ആനയെ പെരിയാർ കഴുവാ സങ്കേതത്തിൽ തുറന്നുവിട്ട പ്രദേശത്ത് കുമളി ടൗണിൽ നിന്നും അഞ്ചു കിലോമീറ്ററോളം ആകാശദൂരം ഉണ്ട്. ഇങ്ങനെ ഇരിക്കുകയാണ് കുമളി ടൗണിൽനിന്ന്‌ ആകാശദൂരം എട്ടര കിലോമീറ്റർ ഉൾവനപ്രദേശത്ത് കണ്ടെത്തിയ ആന കുമളി ടൗണിന് സമീപം എത്തിയെന്ന തെറ്റായ പ്രചാരണം നടത്തിയത്. Read on deshabhimani.com

Related News