ഞെട്ടൽ മാറാതെ കുമാരനല്ലൂർ

കുമാരനല്ലൂരിൽ ടോറസിൽ ഇടിച്ചു തകർന്ന ബൈക്ക്


കോട്ടയം  ടിപ്പർ ലോറിയിൽ ബൈക്കിടിച്ച്‌ മൂന്ന്‌ യുവാക്കൾ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ കുമാരനല്ലൂർ. വ്യാഴം വൈകിട്ട്‌ ആറോടെയാണ്‌ സംഭവം. അപകട സമയത്ത്‌ സമീപത്തെ കടയിൽ ഉണ്ടായിരുന്ന സജി ലൂക്കോസ്‌ ആ ഞെട്ടൽ മാറാതെയാണ്‌ കാര്യങ്ങൾ വിശദീകരിച്ചത്‌. ‘ആ സമയത്ത്‌ കടയുടെ അകത്തായിരുന്നു ഉണ്ടായിരുന്നത്‌. വലിയ ശബ്‌ദം കേട്ട്‌ പുറത്തേക്ക്‌ വന്നപ്പോൾ ആകെ ഞെട്ടി. ബൈക്ക്‌ ടോറസിൽ ഇടിച്ച്‌ മൂന്ന്‌ പേർ തെറിച്ച്‌ വീണ്‌ കിടക്കുന്നു. ഒരാൾ റോഡിലും രണ്ട്‌ പേർ റോഡിന്‌ വശങ്ങളിലുമായിട്ടാണ്‌ ഉണ്ടായിരുന്നത്‌. സമീപത്തെല്ലാം ചോര നിറഞ്ഞിരിക്കുന്നു.  ആലോചിച്ചിരിക്കാൻ ഒട്ടും സമയമില്ലായിരുന്നു. റോഡിൽ തെറിച്ച്‌ വീണയാളെ അതുവഴി വന്ന ഓട്ടോയിൽ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. പിന്നാലെ വന്ന മറ്റൊരു ഓട്ടോയിലും കാറിലുമായി മറ്റ്‌ രണ്ടുപേരെയും ആശുപത്രിയിലേക്ക്‌ മാറ്റി. പക്ഷേ... പറഞ്ഞ്‌ പൂർത്തിയാക്കൻ പറ്റാത്ത സാഹചര്യമായിരുന്നു അവിടെ.  സ്ഥിരം അപകടമുണ്ടാകുന്ന പ്രദേശമാണ്‌ കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിലെ വളവെന്നും നാട്ടുകാർ പറയുന്നു. നാല്‌ മാസം മുമ്പ്‌ ഡ്യൂക്ക്‌ ബൈക്ക്‌ കാറിലിടിച്ച്‌ രണ്ട്‌ യുവാക്കൾക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടക്ക്‌ ചെറുതും വലുതുമായ നിരവധി അപകങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ചെറിയൊരു കയറ്റം കൂടിയായ വളവിന്‌ ഒരു ചരിവ്‌ കൂടെയുണ്ട്‌. ഇതിനാൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ തെറ്റായ സൈഡിലേക്ക്‌ മാറും. ഇതാണ്‌ അപകടങ്ങൾക്ക്‌ പ്രധാന കാരണമെന്ന്‌ നാട്ടുകാർ പറഞ്ഞു. Read on deshabhimani.com

Related News