ശക്തിവേലിന്റെ അമ്മയെ വാഹനം ഇടിപ്പിച്ചു



ശാന്തൻപാറ വനംവാച്ചർ ശക്തിവേലിനെ അരിക്കൊമ്പൻ കൊലപ്പെടുത്തിയതിലും അമ്മയെയും പഞ്ചായത്തംഗത്തെയും വണ്ടിയിടിപ്പിച്ച്‌  പരിക്കേൽപ്പിച്ചതിലും ശക്തമായ ജനകീയപ്രതിഷേധം അലയടിച്ചു. മരിച്ച ശക്തിവേലിന്റെ അമ്മ അയ്യമ്മാൾ, പഞ്ചായത്തംഗം പി ടി മുരുകൻ എന്നിവർക്കാണ്‌ വാഹനമിടിപ്പിച്ച്‌ വധിക്കാൻ ശ്രമിച്ചത്‌. ഇതോടെ ജനങ്ങൾ സംഘടിച്ചെത്തി കക്ഷി രാഷ്‌ട്രീയഭേദന്യേ കൊച്ചി–- ധനുഷ്‌ക്കോടി ദേശീയപാത ഉപരോധിച്ചു. തോണ്ടിമലയിൽ നടന്ന സമരത്തിൽ എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രദേശവാസികളും അണിനിരന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശവാസികളോട് തർക്കിച്ച് മൃതദേഹം ബലമായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്‌ അപകടമുണ്ടായത്‌.   ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി വി എ കുഞ്ഞുമോൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ ആർ ജയൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജു വർഗീസ്, ശാന്തൻപാറ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി വി ഷാജി, ഡിവൈഎഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ജിബിഷ് വെള്ളക്കട എന്നിവരും റോഡ് ഉപരോധത്തിൽ പങ്കാളികളായി. ബുധൻ പകൽ രണ്ടിന്‌ തുടങ്ങിയ ഉപരോധം ഏഴോടെ ചർച്ചചെയ്‌ത്‌ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. Read on deshabhimani.com

Related News