സുന്ദരിയായി ഹൈറേഞ്ചിന്റെ മുത്തശ്ശിക്കവാടം



അടിമാലി നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും വനവശ്യതയും നിറഞ്ഞതാണ്‌ രാജപാത. 99ലെ പ്രളയം എന്ന് ചരിത്രം രേഖപ്പെടുത്തിയ 1924ലെ മഹാപ്രളയത്തിൽ കരിന്തിരി മലയിടിഞ്ഞ് നാമാവശേഷമായതോടെ ജില്ല ഒറ്റപ്പെട്ടു. 1872കളിൽ ബ്രിട്ടീഷുകാർ മൂന്നാറിൽ ആരംഭിച്ച തേയിലക്കൃഷി ഉൾപ്പെടെ വ്യാപാരംചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. അതോടൊപ്പം മൂന്നാറിൽനിന്ന് കൊച്ചിയിലേക്കുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടവും തടസ്സപ്പെട്ടു. തകർന്ന പാതയ്‌ക്ക്‌ പകരം പുതുതായി മറ്റൊരു പാത നിർമിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവ് ഉണ്ടായതിനെതുടർന്നാണ്‌ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയ്‌ക്കുള്ള സ്ഥലം കണ്ടെത്തിയത്‌.    എന്നാൽ, പുതിയ പദ്ധതിപ്രകാരം പെരിയാറിന് കുറുകെ നേര്യമംഗലത്ത് പാലം പണിയേണ്ടതായി വന്നു. മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത് പാലത്തിന് വെള്ളത്തിന്റെ ശക്തിയെ അതിജീവിക്കാനായി കമാനാകൃതി നൽകി. സുർക്കിയും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമാണം 1924 ആരംഭിച്ചെങ്കിലും പത്തുവർഷം കൊണ്ടാണ് പൂർത്തിയായത്. റാണി സേതുലക്ഷ്മി ഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935ൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ ഹൈറേഞ്ചിൽ ബഹുമുഖങ്ങളായ വളർച്ചയ്‌ക്കും വികസനത്തിനും തുടക്കമിട്ടു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. അഞ്ച്‌ പാനലുകളിലായി 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെയാണ് പാലം പണിതിരിക്കുന്നത്. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് ഇടുക്കിയെ മിടുക്കിയാക്കാൻ അതിഥികളെ സ്വീകരിക്കാൻ ഇപ്പോഴും മുത്തശ്ശിക്കവാടം തയ്യാർ. ജില്ല സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ ഹൈറേഞ്ചിന്റെ കവാടപാലത്തിനു വയസ്സ്‌ 87.  Read on deshabhimani.com

Related News