വികസനക്കുതിപ്പിൽ



ഇടുക്കി വിനോദസഞ്ചാരം ഉൾപ്പെടെ ജില്ലയുടെ സമസ്‌ത മേഖലയ്‌ക്കും വികസനക്കുതിപ്പേകി റോഡുശൃംഖല പ്രധാന പങ്കുവഹിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ്‌ മധുര– മംഗളാദേവി– കോലാഹലമേട്–-ഈരാറ്റുപേട്ട വഴി മുസിരിസ് തുറമുഖം, മധുര–- മൂന്നാർ– കോതമംഗലം വഴി മുസിരിസ് തുറമുഖം എന്നിങ്ങനെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള രണ്ട് വാണിജ്യപാതകളാണ് ജില്ലയിലൂടെ പോയിരുന്നത്. 18–-ാം നൂറ്റാണ്ടോടെ ഈ മേഖലയിൽ ആധുനിക ഗതാഗത സൗകര്യവികസനത്തിന് തുടക്കമായി. 1863ലാണ്‌ കെ കെ റോഡെന്ന കോട്ടയം– കുമളി റോഡ് നിർമിക്കുന്നത്. പിന്നീടിങ്ങോട്ട് ഇടുക്കി അണക്കെട്ട്‌ നിർമാണ ആവശ്യത്തിനും മറ്റുമായി മൺ റോഡുകളടക്കം നിർമിക്കപ്പെട്ടു. ഇന്നിപ്പോൾ ഉന്നതനിലവാരത്തിലുള്ള ദേശീയപാതകളും സംസ്ഥാനപാതകളും ഗ്രാമീണ റോഡുകളുമടക്കം ഗതാഗതയോഗ്യമായ നിരവധി റോഡുകളാണ് വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യരംഗത്തും  മികച്ച പുരോഗതി ജില്ല കൈവരിച്ചു.     തൊടുപുഴ, കട്ടപ്പന എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 478 സ്കൂളുകൾ ജില്ലയിലുണ്ട്. സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇരട്ടയാർ പഞ്ചായത്തിലാണ്. സർക്കാർ, എയ്ഡഡ് ഉടമസ്ഥതയിലായി നിരവധി കോളേജുകളും ജില്ലയിൽ പ്രവർത്തിച്ചുവരുന്നു. ജില്ലാ ആസ്ഥാനത്ത് പൂർണതയിലേക്ക്‌ അടുക്കുന്ന മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്ന സർക്കാർ ആതുരാലയങ്ങൾ, ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികൾ, ആയുർവേദ, ഹോമിയോ ആശുപത്രികൾ എന്നിവയെല്ലാം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യരംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സർക്കാരിന്റെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തിയ ആദ്യ ഫ്ലാറ്റ് സമുച്ചയം തല ഉയർത്തി നിൽക്കുന്ന അടിമാലി മച്ചിപ്ലാവും അഭിമാനനേട്ടമാണ്. 2018ലും 2019ലും ഉണ്ടായ അപ്രതീക്ഷിത പ്രളയവും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിയും ജില്ലയുടെ വികസന ചക്രം പിറകോട്ടുതിരിക്കാൻ പോന്നതെങ്കിലും റീബിൽഡ് കേരള പദ്ധതിയും നവകേരളത്തിന്റെ നാലു യജ്ഞങ്ങളും കരുത്തുള്ള കർഷകമനസ്സിന്റെ അതിജീവന പോരാട്ടവുമെല്ലാം ഇടുക്കിയുടെ കുതിപ്പിന് കോട്ടംതട്ടാതെ മുന്നോട്ടുനയിക്കുന്നു. Read on deshabhimani.com

Related News