അമ്പതാം പിറന്നാൾ മധുരം



ഇടുക്കി രാജ്യം 73–-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ജില്ലയ്‌ക്ക്‌ ബുധനാഴ്‌ച അമ്പതാം പിറന്നാൾ. ജില്ല രൂപീകൃതമായി അമ്പതാണ്ട് തികയുമ്പോൾ യുവത്വത്തിന്റെ സൗന്ദര്യത്തിലും ചുറുചുറുക്കിലുമാണ് ഇടുക്കി. 1972 ജനുവരി 24ന് പുറപ്പെടുവിച്ച സർക്കാർ വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26ന് ഇടുക്കി ജില്ല നിലവിൽ വന്നു. ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സുദിനത്തിൽതന്നെയാണ്‌ മലയോര ജില്ലയുടെ ജന്മദിനം എന്നതും യാദൃച്ഛികം. മലയിടുക്ക് എന്നർഥമുള്ള ‘ഇടുക്ക്’ എന്ന വാക്കിൽനിന്നാണ് ഇടുക്കി എന്ന പേര് ലഭിച്ചത്‌. രൂപീകൃത കാലഘട്ടത്തിൽ ‘ഇടിക്കി'(Idikki) എന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തിയിരുന്നത് തിരുത്തി ‘ഇടുക്കി'(Idukki) എന്നാക്കിമാറ്റി റവന്യു വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനുവരി 11നാണ്. 1982ൽ വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേക്ക്‌ മാറ്റപ്പെട്ടു. 4358 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഇടുക്കി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യു ഡിവിഷനുകളും ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട് എന്നീ അഞ്ച്‌ താലൂക്കുകളും 67 വില്ലേജുകളും ഇപ്പോൾ ഭരണനിർവഹണത്തിലുണ്ട്. എട്ട് ബ്ലോക്ക്‌ പഞ്ചായത്തുകളിലായി ഇന്ത്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെടെ 52 പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് നഗരസഭകളുമുണ്ട്. ജില്ല രൂപീകൃതമായപ്പോൾ ആസ്ഥാനം കോട്ടയമായിരുന്നുവെങ്കിലും പിന്നീട് കുയിലിമലയിലേക്ക്‌ മാറ്റപ്പെട്ടു. തുടക്കത്തിൽ വിരലിലെണ്ണാവുന്ന ഓഫീസുകളാണ് ജില്ലാ ആസ്ഥാനത്തുണ്ടായിരുന്നതെങ്കിൽ ഇന്നിപ്പോൾ 25ലധികം സർക്കാർ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു. 2011 ലെ സെൻസസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വനവിസ്തൃതി കൂടിയ ജില്ലയിൽ ജനസാന്ദ്രത 254 ആണ്.  ജനസംഖ്യ വളർച്ചാനിരക്ക് നെഗറ്റീവ് ആണെന്നതാണ് പ്രധാന പ്രത്യേകത(–-1.93). 1972 ജനുവരി 26 മുതൽ 1975 ആഗസ്‌ത്‌ 19 വരെ തുടർന്ന ആദ്യ കലക്ടറായ ഡോ. ഡി ബാബുപോൾ മുതൽ 40 കലക്ടർമാർ സേവനമനുഷ്ഠിച്ചു. 40–-ാമത്തെ കലക്ടറാണ് ഷീബ ജോർജ്. Read on deshabhimani.com

Related News