ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർഥ്യമാകുന്നു



ഇടുക്കി കേരളത്തിലെ ഏകഗോത്ര പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വ്യാഴം രാവിലെ 10ന്‌ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന്‌ ചട്ടമൂന്നാർ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനവും മന്ത്രി ഉദ്‌ഘാടനം ചെയ്യും. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയോടനുബന്ധിച്ചാണ് ആരോഗ്യകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇടമലക്കുടിയിൽ മൂന്ന്‌ സ്ഥിരം ഡോക്ടർമാർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റന്റഡർ, നഴ്സിങ് അസിസ്റ്റന്റ്, ഓഫീസ് ക്ലാർക്ക് എന്നിവരെ നിയമിച്ചു. ലാബ് ടെക്നീഷ്യനെ ഉടൻ നിയമിക്കും. കൂടാതെ നാല്‌ താൽക്കാലിക സ്റ്റാഫ് നഴ്സുമാരേയും നിയമിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ചികിത്സയ്ക്കായി മൂന്നാറിൽ എത്തിക്കുന്നതിനായി ഫോർ വീൽ ഡ്രൈവുള്ള ജീപ്പും നൽകി. ജീവനക്കാർക്ക് ഇടമലക്കുടിയിൽ താമസിക്കുന്നതിനായി ക്വാർട്ടേഴ്‌സ് സംവിധാനം ഉറപ്പാക്കി. Read on deshabhimani.com

Related News