വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍



ഇടുക്കി മധ്യവേനൽ അവധിക്ക് ശേഷം  വീണ്ടും സജീവമാകാനൊരുങ്ങി സ്‌കൂളുകൾ.  ഇത്തവണ ജൂൺ ഒന്നിനാണ്‌ സ്‌കൂളുകൾ തുറക്കുന്നത്‌.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച ഹൈടെക് സ്‌കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും ജില്ലയിലെ  വിദ്യാർഥികൾക്ക്‌ കൂടുതൽ ഉത്സാഹം നൽകുന്നുണ്ട്‌.  പഴയ സ്‌കൂൾ കെട്ടിടങ്ങൾ മാറി ആധുനിക നിലവാരത്തിൽ ബഹുനിലകെട്ടിടങ്ങളാണ് വിദ്യാർഥികളെ വരവേൽക്കുന്നത്.   ജില്ലയിലെ 496 വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടം വിദ്യാഭ്യാസ ഓഫീസർ തലത്തിൽ അവലോകനം ചെയ്തുവരുന്നു.  നിലവിൽ പ്രവർത്തിച്ചുവരുന്ന 59 ഏകാധ്യാപക വിദ്യാലയങ്ങളിൽ (എംജിഎൽസി) ഏഴെണ്ണം ഒഴികെ സർക്കാർ നിർദേശ പ്രകാരം നിർത്തലാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്  പറഞ്ഞു. എംജിഎൽസി ഒഴികെ എല്ലാ  സ്‌കൂളുകളും ജൂൺ ഒന്നിന് തുറക്കും. കുട്ടികളുടെ സുരക്ഷക്ക് പ്രധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലാ, ഉപജില്ലാതലങ്ങളിലും നിരീക്ഷിച്ചു വരികയാണ്. കുടിവെള്ള പരിശോധന, കാട്‌ വെട്ടിത്തെളിക്കൽ, ശുചീകരണം എന്നിവ നടത്തുന്നുണ്ട്. ചുറ്റുമതിൽ ലഭ്യമല്ലാത്ത 99 വിദ്യാലയങ്ങളുടെ പട്ടിക ജില്ല പഞ്ചായത്തിന് തുടർ നടപടികൾക്കായി കൈമാറി.  ജില്ലയ്ക്ക് ആവശ്യമുള്ള 7,85,828 പുസ്തകങ്ങളിൽ 85 ശതമാനവും ജില്ലാ ഹബ്ബിൽ എത്തിച്ചേരുകയും അവിടെനിന്നും സ്‌കൂൾ സൊസൈറ്റി, സ്‌കൂൾ, കുട്ടികൾ എന്നിവരിലേയ്ക്ക്  30-നകം  എത്തിക്കാനുള്ള ക്രമികരണങ്ങളാണ്‌  നടത്തിയിട്ടുള്ളത്‌. വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ  31-നുള്ളിൽ 100 ശതമാനം  പൂർത്തീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവരുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.     ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം  മുരിക്കാട്ടുകുടി  ജിറ്റിഎച്ച്എസിൽ നടത്തും. കൂടാതെ സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി പണി പൂർത്തീകരിച്ച രണ്ട്‌ വിദ്യാലയങ്ങളുടെ ഉദ്ഘാടനം (ജിയുപിഎസ് പൈനാവ്,ജിയുപിഎസ്ഏ ലപ്പാറ)  30-ന് മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും.   മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഷീബ ജോർജ്ജ്, വിദ്യാഭ്യാസ ഉപഡയറക്ടർ , വിവിധ വകുപ്പ്‌  ജില്ലാ തല മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News