മൂന്നാർ– വട്ടവട റോഡ്‌ ഇനി സുഗമപാതയാകും

മൂന്നാർ– വട്ടവട റോഡ് പുനർനിർമാണം ആരംഭിച്ചപ്പോൾ


    മൂന്നാർ വിനോദ സഞ്ചാരികൾ കൂടുതലായി ആശ്രയിക്കുന്ന മൂന്നാർ– വട്ടവട റോഡിന്റെ പുനർനിർമാണം തുടങ്ങി. ഏറെക്കാലമായി തകർന്നുകിടന്ന റോഡ്‌ കെഎസ്ടിപിയുടെ മേൽനോട്ടത്തിലാണ്‌ നിർമിക്കുന്നത്‌. പൊൻകുന്നം– തൊടുപുഴ (50 കി.മീ.), മൂന്നാർ– വട്ടവട(39.81 കി.മീ.) എന്നിങ്ങനെ രണ്ട് ഘട്ടമായി 83.4 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. ഏഴ് വർഷം ഗ്യാരണ്ടിയോടുകൂടിയാണ്‌ മൂന്നാർ–- വട്ടവട റോഡ്‌ നിർമിക്കുന്നത്‌. പാലാ രാജി മാത്യു ആൻഡ്‌ കമ്പനിയാണ് കരാറുകാർ. സംരക്ഷണഭിത്തിയടക്കം നിർമിച്ച്‌ റോഡ്‌ ബലപ്പെടുത്തും. മൂന്നാറിൽനിന്ന് അഞ്ചു കിലോമീറ്റർ വീതം പണികൾ പൂർത്തിയാക്കി വട്ടവട വരെ എത്തിക്കുകയാണ്‌ ലക്ഷ്യം. നിർമാണം പൂർത്തിയായ ശേഷം ഏഴ് വർഷത്തേക്ക്‌ റോഡിന്റെ എല്ലാ അറ്റകുറ്റപ്പണികളും കരാറുകാരൻതന്നെ നടപ്പാക്കണം.       2006ലാണ് ആർഡിഎസ് കമ്പനിയുടെ നേതൃത്വത്തിൽ ആറുവർഷത്തെ ഗ്യാരണ്ടിയോടെ റോഡ്‌ നിർമിച്ചത്. പിന്നീട്‌ അറ്റകുറ്റപ്പണികൾ നടത്താതെ നിരവധി സ്ഥലങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായി. വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌, കുണ്ടള എന്നിവിടങ്ങളിലേക്കും വട്ടവടയിലേക്കുമുള്ള യാത്ര കഠിനമായി. എല്ലപ്പെട്ടി എസ്റ്റേറ്റിനു സമീപം മൂന്നു കിലോമീറ്റർ റോഡ് തമിഴ്നാട് സർക്കാരിന്റെ അധീനതയിലാണ്. ഈ ഭാഗം ഒഴിവാക്കിയാണ് നിർമാണം. ജനങ്ങളുടെ അഭ്യർഥന മാനിച്ച് അഡ്വ. എ രാജ എംഎൽഎയുടെ ശ്രമഫലമായാണ് പുനരുദ്ധാരണം. നിർമാണം പൂർത്തിയായാൽ മൂന്നാറിൽനിന്ന്‌ ടോപ് സ്റ്റേഷൻവഴി വട്ടവടയിലേക്കുള്ള യാത്രാസമയവും ലാഭിക്കാം.     Read on deshabhimani.com

Related News