ചന്ദനമരത്തിന്‌ കാവലാളാകാൻ കിച്ചു ഇനിയില്ല

ഡോഗ് സ്ക്വാഡിലെ കിച്ചു എന്ന നായയ്ക്ക് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം ജി വിനോദ്കുമാർ അന്തിമോപചാരമർപ്പിക്കുന്നു


  മറയൂർ ചന്ദനമര മോഷണം തടയാൻ വനംവകുപ്പിനൊപ്പം ഡോഗ്‌ സ്‌ക്വാഡിലുണ്ടായിരുന്ന നായ കിച്ചു(11)വിന്‌ വിട. വാർധക്യസഹജമായ അസുഖത്തോടെ മരിച്ച കിച്ചുവിനെ മറയൂർ നാച്ചിവയലിൽ ഔദ്യോഗിക ബഹുമതിയോടെ അടക്കം ചെയ്തു. 
    ചന്ദനമര മോഷണം വർധിച്ച സാഹചര്യത്തിൽ 2011ലാണ്‌ കിച്ചുവിനെ മറയൂരിൽ എത്തിച്ചത്. ഒട്ടേറെ കേസുകളിൽ തൊണ്ടിമുതൽ കണ്ടെടുത്തത്‌ കിച്ചുവിന്റെ സഹായത്താലായിരുന്നു. 34 കേസുകളാണ് കിച്ചു തെളിയിച്ചത്. ചന്ദനം മണത്ത് പ്രതികളെ പിടികൂടുന്നതിലും വാഹനപരിശോധനയിലും മികവ് പുലർത്തി. ചന്ദനമരം മുറിച്ചുകടത്തിയവരെ, മരത്തിന്റെ കുറ്റിയും കഷണങ്ങളും മണത്ത് വിദൂരങ്ങളിൽ വരെയെത്തി പിടികൂടാൻ സഹായിച്ചിട്ടുണ്ട്‌.    ‘ഡിങ്കോ’ എന്നായിരുന്നു വനംവകുപ്പ്‌ നൽകിയ ഔദ്യോഗിക നാമമെങ്കിലും കിച്ചു എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. സേവനമികവും മെച്ചപ്പെട്ട ആരോഗ്യവും ഉണ്ടായിരുന്നതിനാൽ എട്ടു വർഷത്തെ സേവന കാലാവധി കഴിഞ്ഞിട്ടും കിച്ചു മറയൂരിൽ തുടർന്നു. നാലുവർഷമായി പെൽവിൻ എന്ന നായയും സ്‌ക്വാഡിലുണ്ട്‌. 
   നാച്ചിവയൽ ഡോഗ് സ്ക്വാഡ് പരിസരത്ത് നടന്ന കിച്ചുവിന്റെ മരണാനന്തര ചടങ്ങിൽ മറയൂർ റെയ്‌ഞ്ച്‌ ഓഫീസർ എം ജി വിനോദ് കുമാർ, വൈൽഡ് ലൈഫ് വെറ്ററിനറി ഡോക്ടർ നിഷാ റിച്വൽ ഉൾപ്പെടെ പങ്കെടുത്തു.     Read on deshabhimani.com

Related News