ഇടമലക്കുടിയിൽ കേരള ബാങ്കിന്റെ ശാഖ: സാധ്യതാപഠനം



മൂന്നാർ  സംസ്ഥാനത്തെ ആദ്യഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ കേരള ബാങ്കിന്റെ ശാഖ തുടങ്ങുന്നതിനുള്ള സാധ്യത പഠനത്തിനായി ഉന്നത അധികാരികൾ ഇടമലക്കുടിയിലെത്തി. ഓംബുഡ്സ്‌മാന്റെ നിർദ്ദേശപ്രകാരമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. ഊരു മൂപ്പൻന്മാരുമായും, കുടി കാണികളുമായി സംഘം ചർച്ച നടത്തി.   സൊസൈറ്റിക്കുടി കേന്ദ്രീകരിച്ച് കേരള ബാങ്കിന്റെ ഒരു ശാഖ തുടങ്ങുന്നതിനുള്ള സ്ഥലം കണ്ടെത്താനും സുരക്ഷിതമായ കെട്ടിടം നിർമിക്കാനുമാണ്‌ പദ്ധതി. എടിഎം കൗണ്ടറും തുടങ്ങും. ഇതിനായി വനം വകു‍പ്പ്‌ അനുമതിക്കായി അപേക്ഷ നൽകും. ഇടമലക്കുടി സെറ്റിൽമെന്റിൽപ്പെട്ട 26 കുടികളിൽ താമസിക്കുന്ന ആദിവാസികൾ തൊഴിലുറപ്പ് ജോലിചെയ്തുകിട്ടുന്ന വേതനം എടുക്കുന്നതിന് കിലോമീറ്ററുകൾ ദൂരം സഞ്ചരിച്ച് മൂന്നാർ, മാങ്കുളം, വാൽപ്പാറ എന്നിവിടങ്ങളിൽ ചെന്നാണ് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കുന്നത്. ഇതിനായി വാഹന കൂലിയിനത്തിൽ വലിയ തുക ചെലവാകും. ഇതിന് പരിഹാരമായാണ് ഇടമലക്കുടിയിൽ ശാഖ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ഓംബുഡ്സ്മാൻ നിർദേശംനൽകിയത്. കേരള ബാങ്ക് കോട്ടയം റീജിയണൽ ജനറൽ മാനേജർ പ്രിൻസ്, ഇടുക്കി റീജിയണൽ ജനറൽ മാനേജർ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടമലക്കുടിയിലെത്തിയത്. പഞ്ചായത്ത് അധികൃതരുമായും ഊരുമൂപ്പൻന്മാരുമായും ചർച്ചക്കെത്തിയ സംഘം ആദിവാസികൾക്ക് കൃഷിയിൽനിന്നും ലഭിക്കുന്ന വരുമാനം, നിക്ഷേപം, ആകെ ജനസംഖ്യ എന്നിവ ചോദിച്ചറിഞ്ഞു. സ്ഥിരമായ വൈദ്യുതി ലഭ്യത, ഇന്റർനെറ്റ് സൗകര്യം എന്നിവ സംബന്ധിച്ച റിപ്പോർട്ട് സംഘം കലക്ടർക്ക് സമർപ്പിക്കും.  ഇടമലക്കുടിയിൽനിന്നും മൂന്നാറിലെത്തി ബാങ്ക് ഇടപാടുകൾ നടത്തി വേഗം തിരിച്ചുപോകുന്നതിന് കേരള ബാങ്കിന്റെ സായാഹ്ന ശാഖയിലുള്ള ആദിവാസികളുടെ അക്കൗണ്ട് മെയിൻ ബ്രാഞ്ചിലേക്ക് മാറ്റിക്കൊടുക്കണമെന്ന് ആദിവാസികൾ സംഘത്തോട് ആവശ്യപ്പെട്ടു. Read on deshabhimani.com

Related News