മരക്കൊമ്പ് ഒടിഞ്ഞുവീണു; 
വാക അപകടാവസ്ഥയിൽ



മൂലമറ്റം  മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ - ഐഎച്ച്ഡിപി കോളനി റോഡിനോട് ചേർന്നുള്ള വലിയ വാകമരത്തിന്റെ ശിഖരം  ഒടിഞ്ഞ് റോഡിലേക്ക് വീണു. തൊട്ടടുത്തുള്ള വീടിന്റെ സമീപത്തേക്ക്‌ വീഴാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഏതാനും നാളുകളായി  മരം അപകടാവസ്ഥയിലാണ്. ഇത്‌ സംബന്ധിച്ച് പ്രദേശവാസികൾ  വിവിധ  പരാതികൾ നൽകിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കിയില്ല.അപകടാവസ്ഥയിലായ മരം എംവി ഐപി വക സ്ഥലത്താണ് നിൽക്കുന്നത്.  വാർഡംഗം സൗമ്യ സാജിബിൻ അപകടാവസ്ഥ  മുട്ടം എം വി ഐ പി അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന്‌ പറഞ്ഞ് എംവിഐപി അധികൃതർ കൈ ഒഴിഞ്ഞു. മരം ചുവടോടെ മുറിക്കാതെ സ്വന്തം പണം മുടക്കി അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മാത്രം മുറിക്കാമെന്ന നിർദേശമാണ്‌ ലഭിച്ചിരിക്കുന്നത്‌. മരത്തിന്റെ അടുത്ത് താമസിക്കുന്ന നിർധനരായ കുടുംബക്കാർ 5000 രൂപയോളം മുടക്കി ഏതാനും ശിഖരങ്ങൾ ആറ്‌ മാസം മുമ്പ്‌  മുറിച്ചുമാറ്റിയെങ്കിലും ബുധനാഴ്‌ച  ശിഖരം വീണ്ടും ഒടിഞ്ഞ് വീഴുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള അനേകം ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന റോഡിലേക്കാണ് ശിഖരം ഒടിഞ്ഞ് വീണത്. വൈദ്യുതി ലൈനുകൾ പൊട്ടിയെങ്കിലും കെ എസ് ഇ ബി ജീവനക്കാർ എത്തി നന്നാക്കി. Read on deshabhimani.com

Related News